Site icon Ente Koratty

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍; മറ്റ് നിയന്ത്രണങ്ങൾ കർശനമാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണിൽ അനുവദിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. നഗരാസഭാ പരിധിയില്‍ ഇന്നലെ മുതലാണ് ഒരാഴ്‌ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ട്രിപ്പിള്‍ ലോക്ക്‌ഡൗണില്‍ ചില നിയന്ത്രണങ്ങള്‍ അനുവദിച്ചത്. അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ രാവിലെ തുറന്നു. ആളുകള്‍ക്ക് കടകളിലെത്തി അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഒരാള്‍ മാത്രമേ പുറത്തിറങ്ങാവൂ. ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ രോഗവ്യാപനം തടയാന്‍ ഫലപ്രദമായ രീതിയാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അവശ്യസാധന വിതരണം അടിയന്തരഘട്ടത്തില്‍ മാത്രമായിരിക്കും. പലചരക്ക്, പാല്‍, പച്ചക്കറി കടകളിലേക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാം. എന്നാല്‍, വീടിനു തൊട്ടടുത്തുള്ള കടകളിലേ പോകാവൂ. മരുന്ന് കടയില്‍ പോകാനും അനുമതിയുണ്ട്. പുറത്തിറങ്ങുന്നവര്‍ എന്ത് ആവശ്യത്തിനായാലും അത് വ്യക്തമാക്കി സാക്ഷ്യപത്രം കയ്യില്‍ കരുതണം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പത്ത് ജനകീയ ഹോട്ടലുകള്‍ തുറക്കാന്‍ തീരുമാനിച്ചു.

അതേസമയം അനുവദിച്ച ഇളവുകൾ ഒഴികെയുള്ള നിയന്ത്രണങ്ങളെല്ലാം കർശനമാക്കി. പുലര്‍ച്ചെ മുതല്‍ തന്നെ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നഗരത്തിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. മുക്കിലും മൂലയിലും പൊലീസ് വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കുക അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം. നഗരസഭയ്‌ക്കുള്ളില്‍ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Exit mobile version