Site icon Ente Koratty

കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്; പിണറായി വിജയന്‍

കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്ന് നാല് വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. അത് കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്റെ നാവ് കൊണ്ട് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് നടന്നത്. അത് ഫലപ്രദമായി കണ്ടെത്തിയവരേയും അതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു. ശരിയായ രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്താനും നിയമത്തിന്റെ കരങ്ങളില്‍ എത്തിക്കാനും അന്വേഷണ സംഘത്തിന് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും കാര്യമുണ്ടായാല്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും എങ്ങനെയെങ്കിലും പെടുത്താമെന്നാണ് ചിലര്‍ ആലോചിച്ച് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം. അദ്ദേഹം മനസിലാക്കേണ്ടത് ഈ കേസ് അന്വേഷിക്കുന്നത് കസ്റ്റംസാണ് എന്നതാണ്. കസ്റ്റംസ് കൃത്യമായി അന്വേഷിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരും രക്ഷപെടുന്ന നില ഉണ്ടാകില്ല എന്നാണ് കരുതുന്നത്. അത്തരം ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുക എന്നതാണ് ഏറ്റവും പ്രധാനം. തെറ്റ് ചെയ്യുന്നവര്‍ക്കെതിരേ മറ്റ് ദുരാരോപണങ്ങള്‍ ഉന്നയിച്ച് പരിരക്ഷ നല്‍കുന്ന സമീപനം ബിജെപിയുെ സംസ്ഥാന അധ്യക്ഷനെ പോലുള്ളവര്‍ സ്വീകരിക്കരുത്. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ച് പറയരുതെന്നും അതൊന്നും പൊതുസമൂഹത്തിന് ചേര്‍ന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നേടിയത് തന്റെ അറിവോടെയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version