തിരുവനന്തപുരം പൂന്തുറയില്‍ പ്രാദേശിക വ്യാപനത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പൂന്തുറയില്‍ കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മേഖലയില്‍ രോഗവ്യാപനം തടയാന്‍ സാധിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
അപകടകരമായ അവസ്ഥയാണ് തിരുവനന്തപുരം നഗരത്തിലുള്ളതെന്നാണ് മേയര്‍ കെ ശ്രീകുമാരും പറയുന്നത്. ജനങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൌണുമായി സഹകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൌണ് ആണ്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും ഉറവിടം വ്യക്തമാകാത്ത കോവിഡ് കേസുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം അടച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രി ക്ലിഫ് ഹൌസിലിരുന്ന് പ്രവര്‍ത്തിക്കും. പൊലീസ്, പ്രതിരോധ സ്ഥാപനങ്ങള്‍, റവന്യു ഓഫീസുകള്‍, നഗരസഭ ഓഫീസുകള്‍, ഒഴികെ ഒരു സര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിക്കില്ല.
തലസ്ഥാനത്ത് ഇന്ന് പൊതുഗതാഗതവും ഉണ്ടാകില്ല. കെഎസ്ആര്‍ടിസി ഡിപ്പോകളും അടച്ചു. എന്‍എച്ച് വഴിയുള്ള സര്‍വീസ് കണിയാപുരത്ത് അവസാനിക്കും. നെയ്യാറ്റിൻകരയില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രാവച്ചമ്പലത്ത് അവസാനിക്കും. നഗരസഭക്ക് പുറത്തുള്ള ഡിപ്പോകള്‍ അടക്കില്ലെന്നും എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് സര്‍വീസ് ഉണ്ടാകില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. തലസ്ഥാനത്ത് ചരക്ക് ഗതാഗതത്തിന് തടസ്സമുണ്ടാകില്ല. ട്രെയിന്‍ വിമാന യാത്രക്കാരുടെ വാഹനങ്ങള്‍ കടത്തിവിടുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിശ്ചിത സമയത്ത് തുറന്ന് പ്രവര്‍ത്തിക്കാം. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തനാനുമതി. മൊബൈല്‍ കടകളും തുറുന്ന് പ്രവര്‍ത്തിക്കും.
ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. അടിയന്തര ആവശ്യമുള്ളവര്‍ മാത്രമേ ഇവിടങ്ങളിലേക്ക് വരാവൂ എന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്രിപ്പിള്‍ ലോക്ഡൌണ് നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം നിശ്ചയിച്ച ഫോണ്‍നമ്പരുകളില്‍ വിളിച്ചാല്‍ അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കും.
തിരുവനന്തപുരത്ത് അവശ്യ സാധനങ്ങള്‍ ലഭ്യമാകാന്‍ വിളിക്കേണ്ട നമ്പറുകള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ആളുകള്‍ നിരന്തരം വിളിക്കുന്നതിനാലാണ് തടസം നേരിടുന്നതെന്ന് പൊലീസ് അറിയിച്ചു.