തിരുവനന്തപുരം: സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 കേസുകൾ വ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഒരാഴ്ചത്തേക്കാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റും അടച്ചിടാനും തീരുമാനമായി. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തിരുമാനമായത്.
സെക്രട്ടേറിയറ്റ് ഉൾപ്പടെയുള്ള ഓഫീസുകളൊന്നും പ്രവർത്തിക്കില്ല. പൊലീസ് ആസ്ഥാനം മാത്രമായിരിക്കും പ്രവർത്തിക്കുക. കടകളും അടച്ചിടും. അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചുനൽകും.
ജില്ലയിൽ അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പൂന്തുറയിൽ മാത്രം ഇന്ന് ഏഴു പേർക്ക് രോഗം സ്ഥിരീകരിച്ചു. മണക്കാട് അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ മണക്കാട്ടെ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഇന്നു രോഗം സ്ഥിരീകരിച്ചതിൽ അഞ്ചുപേർ വിദേശത്തുനിന്ന് എത്തിയവരാണ്.