ഇതര സംസ്ഥാനങ്ങളിലേക്ക് ഉള്ള യാത്രക്ക് പ്രത്യേക പാസ് ആവശ്യമില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തില്‍ കേരളത്തിന് ആശങ്കയുണ്ടെന്ന് മന്ത്രി എ.കെ ബാലന്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റെജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമെ കേരളത്തിലേക്ക് പ്രവേശിപ്പിക്കൂ. രജിസ്റ്റര്‍ ചെയ്ത് വരുന്നവര്‍ക്ക് എല്ലാ ചെക്ക്പോസ്റ്റ് വഴിയും പ്രവേശനം നല്‍കും
സംസ്ഥാന അതിര്‍ത്തി കടന്നുള്ള യാത്രക്ക് ഉള്ള നിയന്ത്രണം എടുത്ത് കളയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ തീരമാനം വലിയ ആശങ്ക സൃഷ്ടിക്കുന്നതായി മന്ത്രി എ.കെ ബാലന് പറഞ്ഞു. കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുന്നത് രോഗവ്യാപനത്തിന് കാരണമാകും. പാസ് ആവശ്യമില്ലെങ്കിലും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക് കടത്തി വിടൂ.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കാനായാണ് കോവിഡ് 19 ജാഗ്രത സെറ്റിലെ രജിസ്ട്രേഷനായി സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത്. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് പ്രധാന ചെക്ക് പോസ്റ്റുകളില്‍ അതിന് സൌകര്യം ഒരുക്കും. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നവര്‍ക്ക് എല്ലാ ചെക്ക്പോസ്റ്റിലൂടെയും സംസ്ഥാനത്തേക്ക് പ്രവേശിക്കാം. എന്നാല്‍ വാളയാര്‍ ഉള്‍പ്പടെ നിലവില്‍ പ്രവേശനം നല്ക്കുന്ന പ്രധാന ചെക്ക് പോസ്റ്റുകളില്‍ മാത്രമേ സ്പോട്ട് രജിസ്ട്രേഷന് സൌകര്യം ഉണ്ടാകൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ക്വാറന്റൈന് ലംഘനം നടത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.