അങ്കമാലിയിൽ അച്ഛന്‍റെ ക്രൂരമർദ്ദനതിന് ഇരയായ കുട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തിരികെ നേപ്പാളിലേക്ക് മടങ്ങുന്നത് വരെ ഇവരുടെ സംരക്ഷണം ശിശു ക്ഷേമ സമിതി ഏറ്റെടുത്തിട്ടുണ്ട്.
അച്ഛന്‍റെ മർദ്ദനത്തിൽ കുട്ടിയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടിയിലും തലച്ചോറിലും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയും വേണ്ടി വന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിലെ മുന്നാഴ്ചത്തെ ചികിത്സ ഫലം കണ്ടതോടെയാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ആരോഗ്യ നില മെച്ചപ്പെട്ട സാഹചര്യത്തിൽ കുട്ടിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കോവിസ് പശ്ചാത്തലത്തിൽ നേപ്പാളിലേക്ക് പോകാൻ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇരുവരെയും ശിശുക്ഷേമ സമിതിയുടെ പുല്ലുവഴിയിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി .
ഭർത്താവിന്‍റെ വീട്ടിലേക്ക് പോകില്ലെന്ന വിവരം കുട്ടിയുടെ അമ്മ സഞ്ജ മായ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ 18നാണ് 56 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മുഖത്തടിച്ചശേഷം അച്ചൻ ഷൈജു കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായ ഷൈജു ഇപ്പോൾ റിമാൻഡിലാണ്.