Site icon Ente Koratty

കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരന്റെ സമ്പർക്ക‌ പട്ടികയിൽ 28 പേർ; തിരുവനന്തപുരത്ത് കർശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ സമ്പര്‍ക്ക പട്ടികയില്‍ 28 പേരുണ്ടെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ജൂൺ 28നാണ് ആറ്റിങ്ങൽ സ്വദേശിയായ പൊലീസുകാരനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  27വരെ കണ്ടെയിന്‍മെന്‍റ് സോണുകളിലായിരുന്നു ഇദ്ദേഹത്തിന് ഡ്യൂട്ടി. പൊലീസുകാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ എആർ ക്യാമ്പിലെ ക്യാന്‍റീന്‍ അടച്ചു. പൊലീസുകാരൻ 26ന് ആലുവയിലും എത്തിയിരുന്നു. 18ന് സെക്രട്ടറിയേറ്റിലെ രണ്ടാം നമ്പർ ഗേറ്റിലായിരുന്നു ജോലി.

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്ത്  നിയന്ത്രണങ്ങൾ കർശനമാക്കി. പാളയെ സാഫല്യം കോംപ്ലക്സിലെ കടയിൽ ജോലി ചെയ്തിരുന്ന അസം സ്വദേശിക്കും രോദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സാഫല്യം കോംപ്ലക്സും പാളയെ മാർക്കറ്റും ഈ ഭാഗത്തെ ഹോട്ടലുകളും അടപ്പിച്ചു.

നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്,  ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവ പുതിയതായി കണ്ടെയിൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടാതെ നിലവിൽ കണ്ടെയിൻമെൻറ് സോണുകളായ ആറ്റുകാൽ (വാർഡ് – 70 ), കുരിയാത്തി (വാർഡ് – 73), കളിപ്പാൻ കുളം (വാർഡ് – 69) മണക്കാട് (വാർഡ് – 72), തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48), ടാഗോർ റോഡ്, മുട്ടത്തറ വാർഡിലെ (വാർഡ് – 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെന്‍റ് സോണുകളായി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Exit mobile version