Site icon Ente Koratty

കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; കൊച്ചിയിൽ സ്ഥിതി സങ്കീർണ്ണം

കൊച്ചി: പ്രതിരോധ പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കി കൊച്ചിയിൽ കുടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്. ബ്രോഡ് വെ മാർക്കറ്റിൽ മൂന്ന് വ്യാപാരികൾക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്.

എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെയും വിദേശത്ത് നിന്ന് എത്തിയവരോ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരോ ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളായി സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം ജില്ലയിൽ കൂടിവരികയാണ്.

ബുധനാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 12 പേരിൽ 8 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് പേർ  ബ്രോഡ് വെ മാർക്കറ്റിലെ  വ്യാപാരികളാണ്. ജൂൺ 27 കോവിഡ് ബാധിച്ച ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരൻ്റെ സഹപ്രവർത്തകനും കോവിഡ് പോസിറ്റീവായി. കോവിഡ് ബാധിച്ച മറ്റൊരു വ്യാപാരിയുടെ ഭാര്യയ്ക്കും മകനും മരുമകൾക്കും അസുഖം ബാധിച്ചു.

വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ബ്രോഡ് വെയിലെ  പ്രസ് ക്ലബ് മുതൽ സെയ്ൻ്റ് ഫ്രാൻസീസ് ചർച്ച് വരെയുള്ള ഭാഗം അടയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ മാർക്കറ്റിലെ 26 വ്യാപാരികളുടെ ശ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കൂടുതൽ പേരുടെ സാമ്പിളുകൾ എടുക്കും.

ജൂൺ 21ന് കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യയ്ക്കും മൂന്ന് വയസുള്ള മകൾക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷനിലെ പതിനൊന്നാം ഡിവിഷനായ തോപ്പുംപടി പ്രദേശത്തെ കണ്ടെയ്ൻമെൻ്റ് ഏരിയയായി പ്രഖ്യാപിക്കുകയും ചെയ്തു.

Exit mobile version