ഷംന കാസിം ബ്ലാക്ക്മെയിൽ കേസ് പ്രതികളിൽ നിന്ന് സ്വർണം വാങ്ങിയ ആളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ ചേറ്റുവ സ്വദേശി ഷമീൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 9 പവൻ സ്വർണ്ണം കണ്ടെത്തി. ഇന്നലെ തന്നെ ഇയാളെ കൊച്ചിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ചേറ്റുവയിൽ തന്നെയാണ് പ്രതികൾ ഉണ്ടായിരുന്നത്. ഇവരിൽ നിന്നാണ് ഷമീൽ സ്വർണ്ണം വാങ്ങിയത്. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം ഒൻപതായി. 11 പേരെയാണ് കേസിൽ ആകെ പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ ഒരാൾ കൊവിഡ് ബാധിതനാണ്. ശേഷിക്കുന്നയാൾ ഇന്നോ നാളെയോ അറസ്റ്റിലാവും എന്നാണ് പൊലീസ് നൽകുന്ന സൂചന.
ഷംന കാസിം ബ്ലാക്ക്മെയ്ലിങ് കേസിൽ ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി മുഖ്യ പ്രതി റഫീഖിൻ്റെ ഭാര്യ രംഗത്തെത്തിയിരുന്നു. റഫീഖിനെതിരെ താൻ മുൻപ് പരാതി നൽകിയിട്ടുണ്ടെന്ന് ഭാര്യ പറഞ്ഞു. മുൻപും റഫീഖ് തട്ടിപ്പ് കേസിൽ പ്രതിയായിട്ടുണ്ട്.
കൊച്ചി ബ്ലാക്ക് മെയിൽ കേസിലെ പ്രതികൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമാണുള്ളത്. ഇത് മുതലാക്കിയാണ് പ്രതികൾ ഷംനയെ സമീപിച്ചത്. പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞതോടെ ഷംനയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികൾ തീരുമാനിച്ചിരുന്നത്. ഷംന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇത് പാളി. പ്രൊഡക്ഷൻ മാനേജരായ ഷാജി പട്ടിക്കരയെ പ്രതികൾ സമീപിച്ചത് സിനിമാ നിർമാതാക്കളെന്ന നിലയ്ക്കായിരുന്നു. കൂടുതൽ സിനിമാ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്ന വിവരവും പുറത്തുവന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി.