Site icon Ente Koratty

പൊന്നാനി താലൂക്കില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടങ്ങി; അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി, ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ജുലൈ ആറ് വരെ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആരംഭിച്ചു. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി. ഐജി അശോക് യാദവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് താലൂക്കിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കുക .

കടുത്ത നിയന്ത്രണങ്ങൾ ആണ് താലൂക്കിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്ര അനുവദിക്കില്ല. ദേശീയ പാതയിലൂടെയുള്ള യാത്ര അനുവദനീയമാണെങ്കിലും പൊന്നാനി താലൂക്കില്‍ ഒരിടത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല. ചമ്രവട്ടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു .പാലക്കാട് ജില്ലയിലേക്കുള്ള പ്രവേശനവും നിയന്ത്രിതമായിരിക്കും .മേഖലയിൽ പൊലീസിന്‍റെ ഡ്രോൺ ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തും . ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നാല് ഡി.വൈ.എസ്.പിമാരും അഞ്ചു സി.ഐമാരും മേഖലയിൽ ക്യാമ്പ് ചെയ്ത് സ്ഥിഗതികൾ വിലയിരുത്തും .പ്രദേശത്തെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ .

കഴിഞ്ഞ ദിവസം 13 പേർക്ക് കൂടി ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു .സമ്പർക്കത്തിലൂടെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നതാണ് ആശ്വാസം.ചികിത്സയിലായിരുന്ന ഏഴ് പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ നിലവിൽ 235 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ചു ചികിൽസയിലുള്ളത്.

Exit mobile version