Site icon Ente Koratty

ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് തിങ്കളാഴ്ച നിലവില്‍ വന്നേക്കും

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് തിങ്കളാഴ്ച നിലവില്‍ വന്നേക്കും. മിനിമം ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതേപടി സര്‍ക്കാരിലേക്ക് നല്‍കാനാണ് ഗതാഗതവകുപ്പിന്‍റെ തീരുമാനം.വര്‍ദ്ധനവ് കോവിഡ് കാലത്തേക്ക് മാത്രമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

കോവിഡ് കാലത്ത് ബസ് വ്യവസായം മുന്നോട്ട് പോകണമമെങ്കില്‍ നിരക്ക് വര്‍ദ്ധനവ് അത്യാവശ്യമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. അതിന്മേല്‍ കുറിപ്പെഴുതി ഗതാഗത വകുപ്പ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ഇന്ന് നല്‍കും.മിനമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കണമെന്ന നിലപാടാണ് ഗതാഗതവകുപ്പിനും.വിദ്യാര്‍ത്ഥി കണ്‍സെഷന്‍ 50 ശതമാനമായി ഉയര്‍ത്തണമെന്ന കമ്മീഷന്‍ ശിപാര്‍ശയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയാകും എടുക്കുക. കോവിഡ് കാലത്ത് ക്ലാസുകളില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ കൂട്ടിയേക്കില്ല.

തിങ്കളാഴ്ച നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരാനാണ് സാധ്യത.പിന്നീട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഫയല്‍ വെക്കും.സ്വകാര്യ ബസ് ഉടമകള്‍ ആവിശ്യപ്പെട്ടത് പോലെ തന്നെ മിനിമം ചാര്‍ജ് 12 രൂപ വേണമെന്ന നിലപാടാണ് കെഎസ്ആര്‍ടിസി രാമചന്ദ്രന്‍ കമ്മീഷന് മുന്നില്‍ വെച്ചത്.

Exit mobile version