Site icon Ente Koratty

സമ്പർക്കത്തിലൂടെ കൊവിഡ്; തിരുവനന്തപുരം നഗരത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സമ്പർക്കത്തിലൂടെ കൊവിഡ് പകരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തലസ്ഥാനത്ത് ആറ് സ്ഥലങ്ങളെ ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. അഞ്ചിടങ്ങളിൽ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴു പേരിൽ അഞ്ചു പേരും നഗരത്തിലുള്ളവരാണ്. ഇതിൽ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ എട്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. 16 പേർക്ക് എവിടെ നിന്ന് രോഗം പിടിപെട്ടുവെന്ന് വ്യക്തവുമല്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ മണക്കാട് നിന്നുള്ളവരാണ്. ഇതോടെ മണക്കാട് മാത്രം രോഗം സ്ഥിരീകരിച്ചവർ ഒൻപതായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മണക്കാട് മാർക്കറ്റിൽ കട നടത്തുന്നയാളാണ്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപട്ടിക തയാറാക്കുക വെല്ലുവിളിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. മറ്റൊരാൾക്ക് രോഗം പിടിപെട്ടതു എവിടെ നിന്നെന്ന് വ്യക്തവുമല്ല. ഈ സാഹചര്യത്തിലാണ് നഗരത്തിലെ ആറു പ്രദേശങ്ങൾ കൂടി കണ്ടയ്മെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.

ആറ്റുകാൽ, കുര്യാത്തി, കളിപ്പാൻകുളം, മണക്കാട്, തൃക്കണ്ണാപുരം, വള്ളക്കടവ് എന്നിവിടങ്ങളെയാണ് കണ്ടയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ചാല, നെടുങ്കാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കണ്ടയ്മെന്റ് സോണുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ ഇന്നു അണുനശീകരണം നടത്തി. കഴിഞ്ഞ ദിവസം നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

Exit mobile version