Site icon Ente Koratty

250 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകളായി ഏറ്റെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി

പ്രത്യേക ജീവനോപാധി പദ്ധതി പ്രകാരമുള്ള 250 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകളായി ഏറ്റെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാണ് പ്രത്യേക ജീവനോപാധി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ തുക അനുവദിച്ചത്.

പ്രോജക്ടുകളുടെ അംഗീകാര നടപടികള്‍ പൂര്‍ത്തികരിക്കാന്‍ കഴിയാതിരുന്നതിനാലും മാര്‍ച്ച് പകുതിയോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തുക വിനിയോഗിക്കാന്‍ കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണ് സ്പില്‍ ഓവര്‍ പ്രോജക്ടുകളായി പ്രത്യേക ജീവനോപാധി പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റ് വിഹിതത്തിനു പുറമേ ഈ തുക വിനിയോഗിക്കാന്‍ അനുവാദം നല്‍കിയത്.

2018 ല്‍ പ്രളയം സാരമായി ബാധിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും പ്രത്യേക വിഹിതം നല്‍കുന്നതിനു വേണ്ടിയാണ് ഈ തുക അനുവദിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച പ്രത്യേക വിഹിതം വകയിരുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ ഏറ്റെടുത്തതും നിര്‍വഹണം പൂര്‍ത്തിയാകാത്തതുമായ പ്രോജക്ടുകള്‍ സ്പില്‍ ഓവര്‍ പ്രോജക്ടുകളായി ഇതു പ്രകാരം ഏറ്റെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയും.

Exit mobile version