Site icon Ente Koratty

തലസ്ഥാനം അതീവജാഗ്രതയിൽ; നഗരത്തിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ റാൻഡം പരിശോധന

കോവിഡ് നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല വാര്‍ റൂം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള വിദഗ്ദര്‍ 24 മണിക്കൂറും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.

ജില്ലയിലെ സ്ഥിതിവിവരങ്ങള്‍ അവലോകനം ചെയ്ത് അടിയന്തര പ്രവര്‍ത്തന പരിപാടികള്‍ ഏകോപിപ്പിക്കും. തലസ്ഥാനത്ത് നിലവില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും കര്‍ശനമായ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ഉള്ളത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ആദ്യപടിയായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും. നിലവിൽ ഒരു ദിവസം 500 പേർക്കു വരെ പരിശോധനയും 300 പേരുടെ ഫലവുമാണ് വരുന്നത്. ഇത് ഉയർത്താനാണ് തീരുമാനം.

ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും കോവിഡ് സംബന്ധിച്ച പ്രത്യേക പരിശീലനം നല്‍കും. കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രത്യേകശ്രദ്ധ വേണ്ട പ്രദേശങ്ങളില്‍ സര്‍വസജ്ജമായ കോവിഡ് ടെസ്റ്റിംഗ് മൊബൈല്‍ യൂണിറ്റുകള്‍ പരിശോധന നടത്തും. ഏഴ് ആംബുലന്‍സുകള്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

രോഗലക്ഷണം പ്രകടമാകുന്നവര്‍ ആദ്യം ഫോണിലൂടെ ഡോക്ടറുടെ സേവനം തേടണം. ആവശ്യമെങ്കില്‍ മാത്രമേ ആശുപത്രി സന്ദര്‍ശനം നടത്താന്‍ പാടുള്ളു. 1077 ല്‍ വിളിച്ച് കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം.

കടകളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നത് തടയുന്നതിനുള്ള നടപടികളോട് എല്ലാവരും സഹകരിക്കണം. സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുകയും വേണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

പൊതുജനങ്ങളുടെ കൂടി സഹകരണമുണ്ടെങ്കിലേ ഈ ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകൂ.

Exit mobile version