Site icon Ente Koratty

മതിയായ സുരക്ഷ സംവിധാനങ്ങളില്ല; കോവിഡ് ആശങ്കയിൽ KSRTC ജീവനക്കാർ

എറണാകുളം: കോവിഡ് കാലത്ത് മികച്ച സേവനമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്. മടങ്ങി എത്തുന്ന പ്രവാസികൾക്കും തിരിച്ചുപോകുന്ന ഇതര സംസ്ഥാന തൊഴിലാളിക്കുമെല്ലാം ഒരുപോലെ തുണയാകുന്നത് KSRTC തന്നെ. പക്ഷേ, വെല്ലുവിളികൾ നിറഞ്ഞ ഇപ്പോഴത്തെ അവസ്ഥയിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ പോലും ഇവർക്കില്ല എന്നതാണ് സത്യം.

പ്രവാസികൾ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം നാട്ടിലേക്കെത്തുകയാണ്. ഇവരെയെല്ലാം ക്വാറന്റീൻ കേന്ദ്രങ്ങളിലും വീടുകളിലും എത്തിക്കുന്നത് KSRTC യാണ്. കപ്പൽ വഴിയായാലും വിമാനത്തിലായാലും തീവണ്ടിയിലായാലും നാട്ടിലെത്തിയാൽ പിന്നെ ഇവരെ ഏറ്റെടുക്കുന്നത് നമ്മുടെ സ്വന്തം ആനവണ്ടിക്കാരാണ്.

ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഡ്രൈവർ ഭാഗം ക്യാബിനാക്കുകയാണ്. എങ്കിലും അതു മുഴുവൻ ഡിപ്പോകളിലും ആയിട്ടില്ല. എല്ലാവരും സ്വന്തം നിലയിലാണ് സാനിറ്റൈസറും മാസ്കും വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇവർക്ക് അത്‌ അധിക ബാധ്യതയാണ്.അതേസമയം, ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കുള്ള ബസുകളിൽ യാത്ര ചെയ്യുന്നവർ ഉപയോഗിച്ച സാധനങ്ങൾ ബസിൽ ഉപേക്ഷിക്കുന്നതും പതിവാണ്. ഇത് നീക്കം ചെയ്യുന്നത് പലപ്പോഴും ജീവനക്കാർ തന്നെ. ബസുകൾ അണുവിമുക്തമാക്കാൻ നേരത്തെ അഗ്നിശമന സേന എത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അതും കെഎസ്ആർടിസി  ഏറ്റെടുത്തു.

അധികജോലി ഭാരത്തിനിടയിലാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചപ്പോൾ ഉണ്ടായ വേതന നഷ്ടം. എന്നാൽ, ഏതു പ്രതിസന്ധിയിലും തങ്ങളുടെ സേവനം തുടരുമെന്ന് ജീവനക്കാർ പറയുന്നു.രണ്ടായിരത്തിലധികം സര്‍വീസുകളാണ് രാപകലില്ലാതെ എറണാകുളം ഡിപ്പോയില്‍ നിന്ന് മാത്രം സര്‍വീസ്  നടത്തിയത്. കര – കടൽ – ആകാശ മാർഗങ്ങളിലൂടെ കൂടുതൽ പേരെത്തുന്നതും കൊച്ചിയിൽ തന്നെയാണ്.

Exit mobile version