Site icon Ente Koratty

വയനാട്ടില്‍ അനാഥാലയത്തിലെ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ മുഖ്യപ്രതിക്ക് 15 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ

വയനാട്ടില്‍ അനാഥാലയത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി വിളഞ്ഞിപിലാക്കല്‍ നാസറിന് 15 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ. കല്‍പ്പറ്റ പോക്സോ കോടതിയാണ് ശിഷ വിധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട 11 കേസുകളില്‍ ഒന്നിലാണ് വിധി. അനാഥാലയത്തിന് സമീപത്തുളള കടയില്‍ വിളിച്ചു വരുത്തിയായിരുന്നു പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്.

2017 ലാണ് ഏറെ കോളിളക്കം സൃഷ്ട്ടിച്ച സംഭവം നടന്നത്. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ കടയിലേക്ക് വിളിച്ചു വരുത്തി മിഠായി നല്‍കി പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിലെ ആദ്യ കേസിലാണ് കല്‍പ്പറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. 11 കേസുകളിലായി 6 പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ മുഖ്യ പ്രതി മുട്ടില്‍ സ്വദേശി വിളഞ്ഞിപ്പിലാക്കല്‍ നാസറിനെയാണ് പോക്സോ കോടതി ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷിച്ചത്. വിചാരണ കാലയളവില്‍ പെണ്‍കുട്ടി കൂറുമാറിയിരുന്നെങ്കിലും സാഹചര്യ തെളിവുകളുടേയും ശസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

ഇതുമായി ബന്ധപ്പെട്ട മറ്റു പത്തു കേസുകളില്‍ വിചാരണ നടക്കുകയാണ്. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിനിരയായ വിവരം കുട്ടികള്‍ വെളിപ്പെടുത്തിയത്. അനാഥാലയത്തിന് സമീപത്തെ കടയില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങിവരുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകര്‍ പെണ്‍കുട്ടികളില്‍ വിവരം ആരാഞ്ഞതിനെതുടര്‍ന്നാണ് പീഡനവിവരങ്ങള്‍ പുറത്ത് വന്നത്. നാസറിനൊപ്പം മറ്റ് അഞ്ച് പ്രതികള്‍ കൂടി കേസില്‍ വിചാരണ നേരിടുന്നുണ്ട്.

Exit mobile version