സംസ്ഥാനത്ത് പുതിയ റെക്കോഡ് കുറിച്ച് കുതിച്ചുയർന്ന് സ്വർണ്ണവില. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഇതോടെ സ്വർണ്ണവില ഒരു പവന് 35,760 രൂപയായി. ഗ്രാമിന് 4470 രൂപയും. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്. ഒരു ദിവസം മുൻപാണ് സ്വർണ്ണവില റെക്കോഡിലേക്കുയർന്നത്. ജൂൺ 22 ന് പവന് 160 രൂപ വർധിച്ച് 35,680 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 4460 രൂപയും. ഈ റെക്കോഡ് മറികടന്നാണ് ഇന്നത്തെ വില.
കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം മറ്റ് വിപണികളിലുണ്ടായ അനിശ്ചിതത്വവും സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ആളുകൾ സ്വർണ്ണം വാങ്ങിക്കൂട്ടാൻ തുടങ്ങി. ആവശ്യം ഉയർന്നതോടെ വിലയിലും അതിന്റെ പ്രതിഫലനം ഉണ്ടായി.
ആഗോളവിപണിയിലും സ്വര്‍ണ്ണത്തിന് വില കൂടിയിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 0.2ശതമാനം ഉയര്‍ന്ന് 1,769.59 നിലവാരത്തിലെത്തി നിൽക്കുകയാണ്.ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 48,333 രൂപയായും ഉയർന്നിട്ടുണ്ട്.