Site icon Ente Koratty

ആനവലുപ്പത്തില്‍ ഒരു ചക്ക; എറണാകുളം ജില്ലയില്‍ ഇത് ഒന്നാമത്

ലോക്ഡൗൺ കാലത്ത് മലയാളിയുടെ തീന്‍മേശയില്‍ സമൃദ്ധമായിരുന്നു ചക്കയും അതില്‍ നിന്നുള്ള വിവിധ വിഭവങ്ങളും. ചക്ക പൊരിച്ചത് മുതല്‍ ചക്ക പായസം വരെ പരീക്ഷിച്ച മലയാളികള്‍ക്കിടയിലേക്കാണ് വിവിധ വലുപ്പത്തിലുള്ള ചക്കകളും വാര്‍ത്തകളായി ഇറങ്ങി തുടങ്ങിയത്. ഈ നിരയിലേക്ക് ഗാംഭീര്യത്തോടെ തന്നെ വന്നിറക്കിയിരിക്കുകയാണ് എറണാകുളം ആയവനയിവെ ഭീമന്‍ ചക്ക.

ആയവന ഏനാനല്ലൂർ വടക്കേക്കര നാരയണന്‍റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് 53.5 കിലോയില്‍ തൂക്കം വരുന്ന ഭീമൻ ചക്ക പിറവിയെടുത്തത്. 88 സെന്‍റിമീറ്റർ നീളമുള്ള ചക്ക എറണാകുളം ജില്ലയിലെ തന്നെ ഇത് വരെയുള്ള ഏറ്റവും വലിപ്പവും തൂക്കവുമുള്ള ചക്കയെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഭീമന്‍ ചക്കകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്ന നാരായണന്‍ തന്‍റെ വീട്ടിലെ ചക്ക വലിയ കയറുകെട്ടി ഇറക്കുകയായിരുന്നു. ആയവന കൃഷി ഓഫീസറെത്തിയാണ് ചക്കയുടെ തൂക്കം നോക്കിയത്.

നേരത്തെ കൊല്ലം അഞ്ചലില്‍ നിന്നും, വയനാട്ടില്‍ നിന്നുമുള്ള ചക്കകള്‍ വലുപ്പത്തിന്‍റെ റെക്കോര്‍ഡ് കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇത് വരെയുള്ളതില്‍ തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്കയാണ് തൂക്കത്തിലും നീളത്തിലും ഒന്നാമതായിരിക്കുന്നത്. 68.5 കിലോ തൂക്കവും ഒരു മീറ്റർ നീളവുമായിരുന്നു അതിനുണ്ടായിരുന്നത്. ഇതിന് തൊട്ടുപിറകിലാണ് എറണാകുളം ആയവനയിവെ ഭീമന്‍ ചക്ക ഇടം പിടിച്ചിരിക്കുന്നത്. അതെ സമയം നിരവധി പേരാണ് നാരായണന്‍റെ വീട്ടില്‍ ഭീമന്‍ ചക്ക കാണാനായി എത്തുന്നത്.

Exit mobile version