പാടത്തുനിന്നും പറമ്പത്തുനിന്നുമൊക്കെ കറിവേപ്പിലയും ഇഞ്ചിയുമൊക്ക പറിച്ചുകൊണ്ടുവന്ന് പാചകം ചെയ്തുകൊണ്ടിരുന്ന ഒരു ജനത നമുക്ക് മുൻപ് ജീവിച്ചിരുന്നു. വിഷരഹിതമായ പച്ചക്കറികൾ കഴിക്കുക എന്നത് തന്നെയായിരുന്നു ഇതിന്റെ ഉദ്ദേശ്യവും.
യാതൊരു കഷ്ടപ്പാടുകളും ഇല്ലാതെ എല്ലാ വസ്തുക്കളും മാർക്കറ്റുകളിൽ നിന്നും സുലഭമായി ലഭിക്കുന്നുവെന്നത് തന്നെയാണ് കൃഷിയെ സാധാരണക്കാരിൽനിന്നുപോലും അകറ്റിയത്. എന്നാൽ കൊറോണ വൈറസ് വന്നതോടെ വീടുകളിൽ തന്നെ കഴിഞ്ഞിരുന്ന ആളുകൾ പറമ്പുകളിലേക്ക് ഇറങ്ങാൻ തുടങ്ങി. സ്വന്തമായി പച്ചക്കറികളും ചെടികളുമൊക്കെ പറമ്പിലും ടെറസിലുമൊക്കെ കൃഷിചെയ്യാനും തുടങ്ങി.
മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന കറിവേപ്പില, കാബേജ്, കോളിഫ്ളവർ, മല്ലിയില എന്നിവയിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവ വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശുദ്ധജലത്തിൽ ഒരു തവണ കഴുകുന്നതിന് പകരം പലതവണ കഴുകുകയും ഒപ്പം വെള്ളത്തിലിട്ട് വയ്ക്കാനും മറക്കരുത്. മഞ്ഞൾ വെള്ളത്തിലിട്ട് പച്ചക്കറികൾ വയ്ക്കുന്നത് ഒരു പരിധിവരെ വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും. എന്നാൽ സ്വന്തമായി കൃഷി തുടങ്ങിയതോടെ വിഷമയമില്ലാത്ത നല്ല പച്ചക്കറികൾ കഴിക്കാം.
കൊളസ്ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങള് എന്നിവയ്ക്ക് ശാശ്വത പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ, കറിവേപ്പില സ്ഥിരമായി ചവച്ചരച്ച് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഹൃദയത്തിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനും സഹായിക്കുന്നു. എന്നാൽ ഇവയൊക്കെ പൂർണമായും വിഷരഹിതമായി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. അല്ലെങ്കിൽ അത് മറ്റ് അസുഖങ്ങൾക്ക് കാരണമാകും. കറിവേപ്പില പോലെത്തന്നെ മിക്ക ഇലക്കറികളും ധാരാളമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.