തൃശൂർ പാവറട്ടി ചുക്ക് ബസാറിൽ തരിശു ഭൂമിയിൽ കൃഷിയിറക്കി വിജയം കൊയ്ത് ഒമ്പതംഗ വനിതാ കൂട്ടായ്മ. 30 സെന്റ് ഭൂമിയിലാണ് സംഘം കൃഷിയിറക്കിയത്. കഴിഞ്ഞ വർഷം ചെയ്ത കരനെൽ കൃഷിയാണ് ഈ വനിതാ കൂട്ടായ്മക്ക് ഊർജം പകർന്നത്. തുടർന്ന് ചുക്ക് ബസാറിൽ കൂട്ടായ്മയിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള തരിശു കിടന്ന ഭൂമി കൃഷിയോഗ്യമാക്കുകയായിരുന്നു.
മാർച്ച് ആദ്യവാരം എള്ള് കൃഷിയിറക്കി. പാവറട്ടി കൃഷി ഓഫീസറുടെ പിന്തുണയോടെ നടത്തിയ പരീക്ഷണം ഒടുവിൽ വിജയം കണ്ടു. വിളവെടുത്ത എള്ള് ഉപയോഗിച്ച് തനത് വിഭവങ്ങളുണ്ടാക്കി പ്രാദേശിക വിപണിയിലിറക്കാനുള്ള തയാറെടുപ്പിലാണ് ഈ സംഘം.
ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷിയിൽ നൂറുമേനി കൊയ്തത്. ഇനി കൂടുതൽ ഭൂമി കണ്ടെത്തി മറ്റ് ഇനങ്ങൾ കൂടി കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണ് കൂട്ടായ്മ. കഴിഞ്ഞ വർഷം പരീക്ഷണ അടിസ്ഥാനത്തിൽ വിളവെടുത്ത 40 പറ നെല്ല് പായ്ക്കറ്റാക്കി കിലോയ്ക്ക് 60 രൂപ നിരക്കിൽ 180 കിലോ അരി കുടുംബശ്രീ ചന്തകൾ വഴി ഇവർ വിറ്റഴിച്ചിരുന്നു.