പടവലങ്ങയുടെ അടിസ്ഥാന വില നിലവിൽ വന്നതായി പ്രഖ്യാപിക്കുന്നതിന് ജില്ലാതല പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റി കൃഷി ഡയറക്ടർക്ക് ശുപാർശ നൽകി. കാർഷികവിളകളുടെ അടിസ്ഥാനവില സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തൃശൂർ ജില്ലയിലെ 16 ഇനം പഴം-പച്ചക്കറി ഉൽപന്നങ്ങളുടെ വിപണി വില ജില്ലാതലത്തിൽ നിരീക്ഷിച്ചു വരുന്നതിൻ്റെ ഭാഗമായാണ് പടവലങ്ങയുടെ വില താഴ്ന്നത് കണ്ടെത്തിയത്. ഓരോ ജില്ലയിലും വിപണിയിലെ പഴം, പച്ചക്കറി വിലകൾ നിരീക്ഷിച്ച് ഏറ്റക്കുറച്ചിൽ വരുമ്പോൾ പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റിക്ക് വിലയിൽ മാറ്റം വരുത്താൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർക്ക് ശുപാർശ നൽകാം.
പടവലങ്ങയുടെ വില നിലവിൽ വന്നതായി പ്രഖ്യാപിച്ച് ഏജൻസികൾ മുഖേന സംഭരണം ആരംഭിക്കുന്നതിനുള്ള അനുമതി നൽകണമെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. യോഗത്തിൽ എഡിഎം റെജി പി ജോസഫ്, കൃഷി ഓഫീസർ മിനി, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.