Site icon Ente Koratty

കേരം തിങ്ങും കേരള നാടിനായി – ഞാനും ചിന്നുവും

റെൻസ് തോമസ്

നമ്മുടെ സ്വന്തം കല്പവൃക്ഷത്തെ നമ്മൾ എല്ലാം മറന്നു കഴിഞ്ഞു. കഴിഞ്ഞ വർഷം ചുഴുലികാറ്റിനെ പേടിച്ചും തൊട്ടടുത്തുള്ള വീട്ടുകാരുടെ ഭീതിയെ മാനിച്ചും വീട്ടിലേക്കു ആവശ്യമുള്ള നാളികേരവും രാജൻ ചേട്ടൻ ഇട്ടു തരുന്ന കരിക്കുകളും നൽകുന്ന നമ്മുടെ ഒരേയൊരു തല മുതിർന്ന തെങ്ങ് വെട്ടേണ്ടി വന്നു.

https://www.youtube.com/watch?v=Y5dtoiQgfcg

പീന്നിടാണ് തെങ്ങിന്റെ യഥാർത്ഥ വില മനസിലായത്. ആകെയുള്ള 7 സെന്റ്‌ സ്ഥലത്തു തെങ്ങ് നട്ടിട്ട് ഒരു കാര്യവുമില്ല, അതു വളർന്നു വലുതാകുമ്പോൾ തൊട്ടടുത്തു വീടുകൾ ഉള്ളതിനാൽ അതും വെട്ടേണ്ടി വരുമെന്ന പ്രിയതമയുടെ വാക്കു കേട്ടപ്പോൾ മൂത്ത മകൾ ജനിച്ചപ്പോൾ, എന്റെ നിർബന്ധപ്രകാരം അമ്മ കൃഷി ഭവനിൽ നിന്നും 100 രൂപക്കു വാങ്ങി, ഞാനും പിതാവും കൂടി വച്ച 3 വർഷം പ്രായമായ തെങ്ങും ഞാൻ വെട്ടി, പിതാവിന്റെ മരണശേഷം. അന്ന് അതിനെയോർത്തു വിഷമം തോന്നിയെങ്കിലും നമ്മൾ കാരണം അയൽക്കാർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവേണ്ട എന്നോർത്തു സമാധാനിച്ചു. പക്ഷെ പൊക്കം വെക്കാത്തതും ആവശ്യത്തിന് തേങ്ങകൾ നൽകുന്നതും കുറഞ്ഞ വർഷം കൊണ്ടു കായ്ക്കുന്നതുമായ ഗംഗബോണ്ടം തെങ്ങിൻ തൈയുമായി ഞാൻ പരിചയപെടുന്നതു മാള ഗവണ്മെന്റ് ITI യിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുന്ന സമയത്താണ്.

വലിയപറമ്പ് ജംഗ്ഷനിൽ നിന്നും വാങ്ങിയ ഗംഗബോണ്ടം തെങ്ങിൻ തൈക്ക്, തെങ്ങ് കൃഷിയോടുള്ള എന്റെ താല്പര്യം കണ്ടു തൈകൾ വിൽക്കുന്ന ചേട്ടൻ 50 രൂപ കുറച്ചു 250 രൂപക്ക് തന്നതും നടേണ്ട ആദ്യ പാഠങ്ങൾ പറഞ്ഞു തന്ന് തെങ്ങ് നടാൻ എന്നെ സഹായിച്ച ജോസേട്ടനെയും മനസിൽ ധ്യാനിച്ച് കൊരട്ടി സർവീസ് സഹകരണബാങ്കിൽ നിന്നും ബുക്ക് ചെയ്തു 150 രൂപക്ക് വാങ്ങി എന്റെ സ്വന്തം സൈക്കിളിൽ കൊണ്ടു വന്ന ഗംഗബോണ്ടം തെങ്ങിൻ തൈ ആദ്യമായി,ഞാനും എന്റെ മോളും കൂടി നടുകയാണ് . പുതിയ തല മുറയും പഠിക്കട്ടെ കേരം തിങ്ങിയ കേരളനാടിന്റെ ഗതകാല സ്മരണകൾ.

നിങ്ങളുടെ എല്ലാവിധപ്രാർതനയും അനുഗ്രഹങ്ങളും കട്ടസപ്പോർട്ടും പ്രതീക്ഷിച്ചു കൊണ്ടു വിയർപ്പിന്റെ അസുഖമുള്ള ഒരു മുൻ IT പ്രൊഫഷനലും അധ്യാപകനുമായ ഞാനും എന്റെ മകൾ ചിന്നു എന്ന ഓമനപേരിൽ അറിയപ്പെടുന്ന LKG വിദ്യാർത്ഥി റിന തെരേസും ചേർന്നു തെങ്ങിൻ തൈ നടുന്നു. അത്രയും നേരം വലിയ വാശിപിടിക്കാതെ വീഡിയോ എടുക്കാൻ ഭാര്യയെ സഹായിച്ച എന്റെ നാലുമാസം പ്രായമായ രണ്ടാമത്തെ കണ്മണി റോസമ്മ എന്ന് ഞങ്ങൾ വിളിക്കുന്ന റോസ്ബെല്ലിനും കുഞ്ഞിനേയും താങ്ങിപിടിച്ച് വീഡിയോ എടുത്ത ഭാര്യയേയും എന്റെ വേറിട്ട ചിന്തകൾക്ക് എന്നും എന്നെ പ്രോത്സാഹിപ്പിച്ച അമ്മയേയും ചെറുപ്പത്തിൽ, കൂലിയും വയറുനിറയെ ഭക്ഷണവും നൽകി, ആരോരുമില്ലാത്ത അണ്ണാച്ചി എന്ന തമിഴിനെ കൊണ്ടു തെങ്ങിൻ തൈകൾ നട്ടു പിടിപ്പിക്കാൻ ഉത്സാഹം കാണിക്കുകയും വേര് പിടിക്കാതെ പോയ തെങ്ങിൻ തൈകൾ കണ്ടു ഭഗ്നാശനാകാതെയും വൃക്ഷങ്ങൾ വെട്ടാതിരിക്കാൻ കാർക്കശ്യവും കാണിച്ച അകാലത്തിൽ മൃതിയടഞ്ഞ പ്രിയപ്പെട്ട അപ്പച്ചനെയും പ്രേത്യേകം സ്മരിക്കുന്നു.

നിങ്ങളും പങ്കുചേരൂ- ‘എന്റെ കൊരട്ടി ‘യുടെ ഈ Coconut Tree Planting ‘ ചലഞ്ചിൽ – നമ്മുടെ കേരം തിങ്ങും കേരളനാടിനായി.
ഞങ്ങടെ വീഡിയോ കാണാൻ മറക്കല്ലേ….

Exit mobile version