കൊടകര: അൾട്രാ വയലറ്റ് വികിരണവും ഓസോൺ വാതകവും ഉപയോഗിച്ചു N 95 മാസ്ക് മുതൽ പച്ചക്കറി വരെ അണുവിമുക്തമാക്കാവുന്ന സാങ്കേതിക വിദ്യയുമായി സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ സഹൃദയ ടെക്നോളജി ബിസിനസ് ഇൻക്യൂബേറ്ററിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി. കളമശ്ശേരി മേക്കർ വില്ലേജും ആയി സഹകരിച്ചു പ്രവർത്തിക്കുന്ന ദേവാഡിറ്റെക് ഇന്നോവേഷൻസ് എന്ന സ്ഥാപനം ആണ് ഈ ആണുനശീകരണ ചേംബർ രൂപകൽപന ചെയ്തതു.
കൊറോണ വാർഡിൽ ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന N 95 മാസ്കുo മറ്റു പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്സും മുതൽ അവരുടെ മൊബൈൽ ഫോൺ തുടങ്ങിയ സ്വകാര്യ വസ്തുക്കൾ വരെ ഈ ചേംബറിൽ കുറഞ്ഞ സമയം കൊണ്ട് അണുവിമുക്തമാക്കാം. സാധാരണഗതിയിൽ ഉപയോഗിച്ചശേഷം ഉപേക്ഷിക്കേണ്ട ഇത്തരം മാസ്കുകൾ സുരക്ഷിതമായി പുനരുപയോഗിക്കുവാനും അതുവഴി ആരോഗ്യപ്രവർത്തകർ നേരിടുന്ന ദൗർലഭ്യത പരിഹരികുവാനും സാധിക്കും.
വീടുകളിലും, സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും സുരക്ഷിതമായി ഈ ചേംബർ സ്ഥാപിക്കാനും ഉപയോഗിക്കാനും സാധിക്കും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയെല്ലാം ഇത് ഉപയോഗിച്ച് അണുവിമുക്തമാക്കാം. മറ്റു പാരമ്പര്യ അണുനശീകരണ മാർഗങ്ങളെ പോലെ പരിസ്ഥിതിക്കോ മനുഷ്യർക്കോ ഇത് അപകടകാരി അല്ല.
സുമിത് സി മോഹൻ, സഹൃദയയുടെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർത്ഥി ജിയോ ലിയാന്റൽ ലോറൻസ് , മനോജ് മേനോൻ, സുജേഷ് സുരേന്ദ്രൻ, വിവേക് സിംഗ്, രബീഷ് ടി പി എന്നിവർ കളമശ്ശേരി മേക്കർ വില്ലേജും ആയി സഹകരിച്ചാണ് ചേംബർ രൂപകൽപന ചെയ്തത്. ഓർബിസ് ഓട്ടോമോട്ടീവ്സ് , സെന്റർ ഫോർ ഇൻറ്റഗ്രേറ്റഡ് റിസർച്ച് ആൻഡ് ട്രെയിനിങ്, കരുനാഗപ്പള്ളി, എന്നീ സ്ഥാപനങ്ങൾ നിർമാണത്തിൽ പങ്കാളികൾ ആയി. സഹൃദയയിലെ ബയോമെഡിക്കൽ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ ജിബിൻ ജോസ്, പുഷ്പഗിരി മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ചേംബറിന്റെ അവസാനഘട്ട പരിശോധനകൾ നടന്നു. ക്ലിനിക്കൽ വാലിഡേഷന് ശേഷം ഉടനെ തന്നെ വിപണിയിൽ ഇറക്കാൻ തയാറെടുക്കുകയാണ് ഈ സ്റ്റാർട്ടപ്പ്.