Site icon Ente Koratty

രോഗവ്യാപനം തടയാനുള്ള കണ്ടുപിടുത്തങ്ങളുമായി എസ്.സി.എം.എസ് എഞ്ചിനീയറിംഗ് കോളേജ്, പാലിശ്ശേരി, കൊരട്ടിയിലെ റോബോട്ടിക്‌സ് സെന്റർ

കോവിഡ് രോഗപ്രതിരോധത്തിനായി അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യമേഖലയിലെ ഡോക്റ്റർമാരും നഴ്‌സുമാരും അടക്കമുള്ള നൂറുക്കണക്കിന് സന്നദ്ധസേവകർക്ക് പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യയുമായി എസ്.സി.എം.എസ്  എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ റോബോട്ടിക്‌സ് സെന്റർ.

സ്‌പ്ലാഷ് പ്രൊട്ടക്ഷൻ ഫെയ്‌സ് ഷീൽഡ്, ഫാബ്രിക്കേറ്റഡ് ഫെയ്‌സ് മാസ്ക്, വെന്റിലേറ്റർ സ്പ്ളിറ്റർ, ഡോർ ഓപ്പണർ എന്നീ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്ത സംതൃപ്തിയിലാണ് ഡോ. സുനിൽ ജേക്കബും സംഘവും. രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സുരക്ഷാ നൽകുന്ന, താരതമ്യേന ചിലവ് കുറഞ്ഞ ഫെയ്‌സ് ഷീൽഡ്, ക്യാംപസിലെ ഫാബ്‌ലാബിലുള്ള നൂതന സംവിധാനങ്ങളായ ലേസർ കട്ട് ഉപയോഗിച്ച് ഫാബ്രിക്കേറ്റ് ചെയ്താണ് രൂപപ്പെടുത്തിയത്.

രോഗാണുക്കളുടെ വ്യാപനം തടയുന്നതിന് ഇത് ഉപകരിക്കുമെന്ന് ഡോ. സുനിൽ പറഞ്ഞു. 3ഡി പ്രിന്റർ മുഖേന കോട്ടൺ തുണികളുടെ വിവിധപാളികളിൽ  രൂപകൽപ്പന നടത്തിയ ഫിൽറ്റർ ഫെയ്‌സ് മാസ്ക് ആവശ്യാനുസരണം പുനരുപയോഗിക്കാവുന്നതാണ്. ഒന്നിൽ കൂടുതൽ രോഗികൾക്ക് വേണ്ടിയുള്ള  വെന്റിലേറ്ററുകളിലുള്ള ‘വൈ’ സ്പ്ളിറ്റർ സംവിധാനത്തിന്റെ നിർമ്മിതിയും സാധാരണക്കാരുടെ പോക്കറ്റിന്‌ താങ്ങാവുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 3ഡി പ്രിന്റർ മുഖേനയാണ് ഇത് ഉണ്ടാക്കിയത്.

കൈ സ്പർശം ഇല്ലാതെ ഡോർ തുറക്കാനും ലിഫ്റ്റ് ബട്ടൺ അമർത്താനും സഹായിക്കുന്ന ഓപ്പണർ സിസ്റ്റവും ഡിസൈൻ ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സൈറ ജോസഫ്, ചീഫ് ലൈബ്രറി ഇൻ ചാർജ് ജി.അനിൽ എന്നിവരുടെ സഹകരണത്തോടെയാണ് എസ്.സി.എം.എസ് റോബോട്ടിക്‌സ് സെന്റർ ഈ നേട്ടങ്ങൾ കൈവരിച്ചത്. ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങളുടെ അംഗീകാരത്തിന് ശേഷം ഇവ എത്രയും പെട്ടെന്ന് സമൂഹ നന്മ്മക്കായി സമർപ്പിക്കുമെന്ന് എസ്.സി.എം.എസ് ഗ്രൂപ്പ്പ് വൈസ് ചെയർമാൻ പ്രൊഫ. പ്രമോദ് പി. തേവന്നൂർ പറഞ്ഞു.

Exit mobile version