Site icon Ente Koratty

രത്തൻ ടാറ്റയുടെ ജന്മദിനം

ഇന്ന് (ഡിസംബർ 28) ഇന്ത്യയിലെ മഹാനായ ഒരു വ്യവസായിയുടെ
83 ആം ജന്മദിനമാണ്. ഏറ്റവും പണക്കാരൻ ആയ വ്യവസായിയുടെ എന്ന് നിങ്ങൾ വിചാരിച്ചാൽ അത് തെറ്റിപ്പോയി. കാരണം, പണവും അധികാരവും മാത്രം ഉള്ളവരെ ഞാൻ മഹാന്മാരായി കണക്കാക്കാറില്ല, ഇത് സാധാരണ ശീലത്തിന് വിപരീതം ആണെങ്കിലും.

പ്രമുഖ വ്യവസായിയും, മനുഷ്യ സ്നേഹിയും, നീണ്ട 22 കൊല്ലം ടാറ്റ സാമ്രാജ്യത്തിന്റെ അധിപനും ആയിരുന്ന രത്തൻ ടാറ്റയുടെ പിറന്നാൾ. വ്യവസായം എന്നു വെച്ചാൽ രാജ്യത്തെയും, ജനങ്ങളെയും ചൂഷണം ചെയ്തു പണം സമ്പാദിക്കൽ അല്ലെന്നും, സത്യസന്ധതയും, ധാർമികതയും, നൈതികതയും, രാജ്യസേവനവും ഉൾക്കൊണ്ടു തന്നെ വ്യവസായം നല്ല നിലയിൽ നടത്താം എന്ന് ലോകത്തിനു കാണിച്ചു കൊടുത്ത, ഇന്ത്യൻ വ്യവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച JRD ടാറ്റയുടെ തികച്ചും അർഹനായ പിൻഗാമി.

JRD ടാറ്റ 1991 ഇൽ 87 ആമത്തെ വയസ്സിൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും പിരിഞ്ഞതിനു ശേഷം രത്തൻ ടാറ്റയാണ് അതിന്റെ സാരഥ്യം ഏറ്റെടുത്തത്. 1937 ഇൽ ബോംബെയിൽ ജനിച്ച രത്തൻ ടാറ്റയുടെ വിദ്യാഭ്യാസം സിംലയിലും, ന്യൂയോർക്കിലും ആയിരുന്നു. ചെയർമാൻ ആയി ചാർജ് എടുത്തതിനു ശേഷം, അദ്ദേഹത്തിന് ടാറ്റ ഗ്രൂപ്പിലെ പല മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം അദ്ദേഹം അതിജീവിച്ച് ടാറ്റാ ഗ്രൂപ്പിനെ ലോകത്തിന്റെ നിറുകയിൽ എത്തിച്ചു.

രത്തൻ ടാറ്റയുടെ ഭരണകാലത്തു ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 40 ഇരട്ടിയും, ലാഭം 50 ഇരട്ടിയും വർധിച്ചു. സാധാരണക്കാരുടെ കാർ ആയ നാനോ കാറിന്റെ
ഉപജ്ഞാതാവ് അദ്ദേഹം ആയിരുന്നു. ടാറ്റ ഗ്രൂപ്പിനെ ഒരു ആഗോള വ്യവസായ സ്ഥാപനം ആക്കുന്നതിൽ രത്തൻ ടാറ്റ വഹിച്ച പങ്ക് നിസ്തുലമാണ്.

ടാറ്റ ഗ്രൂപ്പ്‌ ഇന്ത്യയുടെ അഭിമാനമാണ്. വ്യവസായ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ അവശ്യം ആവശ്യമാണെന്ന് അറിയാമായിരുന്നതു കൊണ്ട് 1907 ഇൽ ജാംഷെഡ്ജി ടാറ്റ
ജാംഷെഡ്പൂരിൽ TISCO (Tata Iron & Steel Company) സ്ഥാപിച്ചു. ഇരുമ്പ് കമ്പനി വളർന്നു വരാനും, ലാഭം ഉണ്ടാക്കാനും കൊല്ലങ്ങൾ കുറെ എടുക്കും. അതു കൊണ്ടു തന്നെ ലാഭക്കൊതിയുള്ള വ്യവസായികൾ ആരും ഇരുമ്പ് കമ്പനി തുടങ്ങില്ല. ഇത്രയും ദേശ സ്നേഹവും, സാമൂഹ്യ പ്രതിബദ്ധതയും ഉള്ള വ്യവസായികളെ കാണാൻ വിഷമമാണ്.

ടാറ്റ കമ്പനികളുടെ സാധനങ്ങളും, സേവനങ്ങളും ലോകനിലവാരത്തിൽ ഉള്ളതാണ്. Air India, ടാറ്റയുടെ അധീനത്തിൽ ആയിരുന്നപ്പോൾ, അത് ലോകത്തെ ഏറ്റവും നല്ല Airlines ഇൽ ഒന്നായിരുന്നു.

ഉപഭോക്താക്കൾക്ക് രാജാകീയ സേവനം.

ഇന്ത്യയിലെ ഒരു മാതൃക തൊഴിലുടമ ആയിട്ടാണ് ടാറ്റാ ഗ്രൂപ്പിനെ കണക്കാക്കിയിരിക്കുന്നത്. അതിനു ശേഷം അങ്ങനെ ഒരു പദവി കിട്ടിയത് N.R. നാരായണമൂർത്തിയുടെ Infosys നു മാത്രമാണ്. മറ്റു പല മേഖലകളിലും ടാറ്റാ ഗ്രൂപ്പ്‌ അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. Indian Institute of Science, Bangalore, Tata Institute of Fundamental Research, Tata Football Academy തുടങ്ങിയവ അതിൽ ചിലതാണ്.

എനിക്കു 2-3 പ്രാവശ്യം അദ്ദേഹത്തിന്റെ കത്തുകൾ കിട്ടിയിട്ടുണ്ട്. പ്രോത്സാഹജനകമായ അദ്ദേഹത്തിന്റെ കത്തുകൾ ഒരു നിധി പോലെ ഞാൻ സൂക്ഷിക്കുന്നു. ഒരു സാധാരണക്കാരന്റെ എഴുത്തിനു മറുപടി അയച്ചു എന്നത് തന്നെ അദ്ദേഹത്തിന്റെ മഹാമനസ്കതയുടെ ഒരു മകുടോദാഹരനാണമാണ്.

രത്തൻ ടാറ്റക്ക് ജന്മദിനാശംസകൾ നേരുന്നതോടൊപ്പം, ഇതുപോലെ സത്യവും, ധർമവും, നീതിയും, രാജ്യസ്നേഹവും,മാനവികതയും, സാമൂഹ്യ പ്രതിബദ്ധതയും ഉള്ള വ്യവസായികളെ ഇന്ത്യയിലേക്ക് അയക്കേണമേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

കടപ്പാട് –
ആദിത്യൻ

Exit mobile version