റെക്കോര്‍ഡ് വരിക്കാരുമായി വിപണിയില്‍ ഒന്നാമതുള്ള ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോക്ക് കനത്ത തിരിച്ചടി. ട്രായ് പുറത്തുവിട്ട ഏറ്റവും പുതിയ വരിക്കാരുടെ നിരക്ക് പ്രകാരം ജിയോയുടെ വളര്‍ച്ച താഴോട്ടാണ്. അതെ സമയം ആഘാതം ഹൃസ്വകാലത്തേക്കായിരിക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജിയോക്ക് ഏറ്റ തിരിച്ചടി എതിരാളികളായ മറ്റ് ടെലികോം കമ്പനികള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ്.
നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നതെന്ന കാരണത്താല്‍ വോഡഫോണ്‍ ഐഡിയയും (വി.ഐ) ഭാരതി എയര്‍ടെലും നിരക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിയോ നിരക്കുയര്ത്തുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ജിയോ നിരക്ക് ഉയര്‍ത്താതിരുന്നാല്‍ എയര്‍ടെലും വി.ഐയും താരീഫ് നിലനിര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന വിലയിരുത്തലുള്ളതിനാല്‍ നിരക്ക് വര്‍ധന മറ്റ് കമ്പനികള്‍ക്ക് തിരിച്ചടി ആവാനാണ് സാധ്യത. 500 മില്യണ്‍ വരിക്കാരാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജിയോ നേരത്തെ പ്രഖ്യാപിച്ചിരിക്കെ 404 മില്യണ്‍ വരിക്കാരിലേക്ക് മാത്രമാണ് ജിയോക്ക് ഇത് വരെ എത്തിചേരാന്‍ സാധിച്ചത്.
സെപ്തംബറില്‍ മാത്രം എയര്‍ടെല്‍ 3.78 ദശലക്ഷം വരിക്കാരെ നേടിയപ്പോള്‍ ജിയോ നേടിയത് 1.46 ദശലക്ഷം പേരെയാണ്. ആഗസ്റ്റില്‍ 29 ലക്ഷം വരിക്കാരെയാണ് എയര്‍ടെല്‍ കൂട്ടിച്ചേര്‍ത്തത്. ജിയോ നേടിയതാകട്ടെ 18.6 ദശലക്ഷം പേരെയും. ജൂലൈ വരെ ജിയോയാണ് ഈ കണക്കില്‍ മുന്നിലുണ്ടായിരുന്നത്.