Site icon Ente Koratty

ജിയോയിൽ 1,894.5 കോടിയുടെ നിക്ഷേപവുമായി ഇന്റൽ; 11 ആഴ്ചയ്ക്കിടെ പന്ത്രണ്ടാമത്തെ നിക്ഷേപം

മുംബൈ: ജിയോ പ്ലാറ്റ്‌ഫോമിൽ നിക്ഷേപവുമായി യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റൽ. ജിയോയിലെ 0.39 ശതമാനം ഓഹരികൾക്കായി ഇന്റൽ 1894.50 കോടി രൂപ നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ പതിനൊന്ന് ആഴ്ചയ്ക്കുള്ളിൽ ജിയോയിലുണ്ടാകുന്ന പന്ത്രണ്ടാമത്തെ നിക്ഷേപമാണിത്.

ഫേസ്ബുക്ക്, സിൽവർ ലേക്ക് പാർട്ണർമാർ, വിസ്ത ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഐഡിഎ, ടി‌പി‌ജി, എൽ കാറ്റർട്ടൺ, പി‌ഐ‌എഫ്, ഇന്റൽ എന്നീ കമ്പനികളുടെ നിക്ഷേപത്തിലൂടെ ആകെ  1,17,588.45 കോടി രൂപയുടെ നിക്ഷേപമാണ് ജിയോയിലുണ്ടായത്.ലോകത്ത് തുടർച്ചയായി ഇത്രയധികം തുക നിക്ഷേപമായി സമാഹരിച്ച കമ്പനിയും ജിയോ ആണ്. കഴിഞ്ഞ വർഷം ഇന്ത്യയിലെ സ്റ്റാർട്ടപ് കമ്പനികൾ 1.10 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു. സിനിമ, വാർത്ത, മ്യൂസിക് ആപ്ലിക്കേഷനുകൾ എന്നിവയ്ക്കു പുറമെ ടെലികോം എന്റർപ്രൈസ് എന്നിവയാണ് ജിയോയിലേക്ക് അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നത്.

സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് ഏപ്രിൽ 22 ന് 43,574 കോടി രൂപ നിക്ഷേപിച്ച് ജിയോയിലെ 9.99 ശതമാനം ഓഹരിയാണ് സ്വന്തമാക്കിയത്.  ഇതിനു പിന്നാലെ ജനറൽ അറ്റ്ലാന്റിക്, സിൽവർ ലേക്ക് (രണ്ടുതവണ), വിസ്ത ഇക്വിറ്റി, കെകെആർ, മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, എഐഡിഎ, ടി‌പി‌ജി, എൽ കാറ്റർട്ടൺ, പി‌ഐ‌എഫ് എന്നീ കമ്പനികളും ജിയോയിൽ നിക്ഷേപമിറക്കിയത്.

കമ്പ്യൂട്ടർ വ്യവസായ രംഗത്തെ അഭിഭാജ്യഘടകമായ സെമികണ്ടക്ടർ ഭീമനായ ഇന്റർ കോർപറേഷനിലെ നിക്ഷേപ വിഭാഗമാണ് ഇന്റൽ ക്യാപിറ്റൽ. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്റൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്റലിന്റെ ബെംഗളൂരു, ഹൈദരാബാദ് കമ്പനികളിൽ ആയിരക്കണക്കിന് ജീവനക്കാരുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോണമസ് വെഹിക്കിൾസ്, ഡാറ്റാസെന്റർ, ക്ലൗഡ്, 5 ജി, അടുത്ത തലമുറ കമ്പ്യൂട്ചിംഗ് എന്നിവ ലക്ഷ്യമിട്ടുള്ള നൂതന സ്റ്റാർട്ടപ്പുകളിലാണ് ഇന്റൽ ക്യാപിറ്റൽ നിക്ഷേപം നടത്തുന്നത്. 1991 മുതൽ, ഇന്റൽ ക്യാപിറ്റൽ ലോകമെമ്പാടുമുള്ള 1,582 ൽ അധികം കമ്പനികളിൽ 12.9 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചു.

Exit mobile version