ഡോ. ജി ആർ സന്തോഷ്കുമാർ
കോവിഡ്-19 രോഗസംക്രമണ കാലത്ത് നാം ജാഗ്രത പുലര്‍ത്തേണ്ട മറ്റൊരു വ്യാധിയാണ് ഡെങ്കിപ്പനി. ഈ രണ്ടു രോഗങ്ങളും പ്രത്യേകമായും ഒരുമിച്ചും പിടിപെടാനുള്ള സാദ്ധ്യതയാണ് മഴ ആരംഭിച്ചുകഴിഞ്ഞ വരും ആഴ്ചകളില്‍ നമ്മെ കാത്തിരിക്കുന്നത്.
ഈ രണ്ടു രോഗങ്ങളുടെയും പ്രത്യേകത ശരിയായ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെ അവയെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയുമെന്നതാണ്.
ഈ രണ്ടു രോഗങ്ങളുടെയും കുഴപ്പം സങ്കീര്‍ണ്ണമായ അവസ്ഥയിലേക്കോ മരണത്തിലേക്കോ നയിക്കാമെന്നതുമാണ്. പക്ഷേ, അത് ആര്‍ക്കാണ് എന്നത് നമുക്ക് മുന്‍കൂട്ടി തിരിച്ചറിയാനും പ്രവചിക്കാനും കഴിയുകയില്ല. ഗുരുതരമായ അവസ്ഥയിലേക്ക് ഏതൊരു വ്യക്തിയെയും കൊണ്ടെത്തിക്കാന്‍ കഴിയുന്നവയാണ് ഈ രണ്ടു രോഗങ്ങളെങ്കിലും ഭൂരിപക്ഷം പേരിലും നിസ്സാരമായ രോഗലക്ഷണങ്ങളിലൂടെ രോഗശമനം ഉണ്ടാകാനാണ് സാദ്ധ്യത കൂടുതല്‍. രോഗം സങ്കീര്‍ണ്ണമാകുന്ന ചെറിയ ന്യൂനപക്ഷത്തെ നേരത്തേ കണ്ടുപിടിക്കാനോ രോഗം സങ്കീര്‍ണ്ണമാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതാരിക്കുന്നതുകൊണ്ടും ഈ രണ്ടു രോഗങ്ങളും വലിയ ഭീതിയുളവാക്കും.
നമ്മള് പ്രധാനമായും തിരിച്ചറിയേണ്ട വസ്തുത, ആശുപത്രികളില്‍ പോയി ഈ അസുഖങ്ങള്‍ ചികിത്സിച്ചുമാറ്റാം എന്നു വിചാരിക്കരുത്. പകരം, രോഗമുണ്ടാകാതിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടത്.
ഈ രണ്ടു രോഗങ്ങളുടെയും ലക്ഷണങ്ങള്‍ രണ്ടു രീതിയിലാണ്.
കോവിഡ്-19 ജലദോഷ സമാനമായ ഒരു രോഗമാണ്. അതായത്, ശ്വാസകോശങ്ങളെയും ശ്വസനനാളികളെയുമാണ് വൈറസ് ബാധിക്കുന്നത്. അതുകൊണ്ട് ചുമ, തുമ്മല്‍, മൂക്കൊലിപ്പ്, പനി, ശ്വാസതടസ്സം തുടങ്ങിയവയായിരിക്കും കോവിഡിന്റെ ലക്ഷണങ്ങള്‍. ഇതോടൊപ്പം ചിലരില്‍ വയറിളക്കവും ഗന്ധം അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ടാകാം.
എന്നാല്‍, ഡെങ്കിപ്പനി ശ്വാസകോശത്തെയോ ശ്വാസനാളികളെയോ ബാധിക്കുന്ന അസുഖമല്ല. ചുമയും ജലദോഷവും മൂക്കൊലിപ്പുമൊന്നും ഡെങ്കിയുടെ ലക്ഷണങ്ങളല്ല. എല്ല് നുറുങ്ങുന്ന തരത്തിലുള്ള വേദന, സന്ധിവേദന, കഠിനമായ ശരീരവേദന, തലവേദന, പനി, ദേഹത്ത് ചുമപ്പ് എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങള്‍.
അതുകൊണ്ട് പനിയും ശരീരവേദനയുമൊക്കെയാണ് ലക്ഷണങ്ങളെങ്കില്‍ അത് ഡെങ്കിപ്പനിയായോ അല്ലെങ്കില്‍ സാധാരണ വൈറല്‍ പനിയായോ കരുതണം.
ജലദോഷം, ചുമ, തുമ്മല്‍, ശ്വാസതടസ്സം, പനി എന്നിവയാണെങ്കില് കോവിഡിന്റെ ലക്ഷണങ്ങളായും കരുതണം.
എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്- എല്ലാ ചുമയും ജലദോഷവും ചുമയും തുമ്മലും ശ്വാസതടസ്സവും കോവിഡല്ല. കോവിഡിന് സമാനമായ ലക്ഷണങ്ങളുണ്ടാക്കുന്ന നിരവധി വൈറസുകള്‍ നമ്മുടെ നാട്ടിലുണ്ട്. ഓരോ വര്‍ഷവും മഴയ്ക്ക് ശേഷം ഉണ്ടാകുന്ന ജലദോഷപ്പനി ഇത്തരം വൈറസ് മൂലമുണ്ടാവുന്നതാണ്. എച്ച്1 എന്‍1 പനിയുടെ ലക്ഷണവും ഇതു തന്നെയാണ്.
ചുരുക്കത്തില്‍ മഴ തുടങ്ങുന്നതോടു കൂടി ഏതു ജലദോഷപ്പനിയാണ് എന്ന കാര്യത്തില്‍ ആകെ നമ്മള് ആശയക്കുഴപ്പത്തിലാകാനാണ് സാദ്ധ്യത.
സാധാരണ ജലദോഷപ്പനി പോലും കോവിഡ് ആണെന്നു വിചാരിച്ച് മാനസിക പ്രയാസത്തിലാകാനുള്ള സാദ്ധ്യതയും ഏറെയാണ്. അതുകൊണ്ട് സ്വയം ഒരു തീരുമാനത്തിലെത്താതെ തൊട്ടടുത്തുള്ള ഡോക്ടറുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെട്ടുവേണം തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.
എന്നാല്‍, നമുക്കെല്ലാം അറിയാവുന്നതുപോലെ നമ്മുടെ ആരോഗ്യപ്രവര്ത്തകരാകമാനം അതീവ ജാഗ്രതയോടുകൂടിയ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടുകൊണ്ടിരിക്കുയാണ്. മഴ വരുന്നതോടുകൂടി അവര്‍ക്ക് നിന്നുതിരിയാന്‍ സമയമില്ലാതായിത്തീരും.
ആയതിനാല്‍, നമ്മുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്, കഴിവതും ആശുപത്രികളിലേക്ക് പോകാനുള്ള സാഹചര്യങ്ങള്‍ നമ്മള് തന്നെ ഒഴിവാക്കുകയെന്നതാണ്. അതായത്, കോവിഡ്, ഡെങ്കിപ്പനി, ജലദോഷപ്പനി, എച്ച്1 എന്‍1 തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാനുള്ള നടപടികള്‍ മുന്‍കൂര്‍ സ്വീകരിക്കേണ്ടതാണ്. അതിനായുള്ള ചില കുറുക്കുവഴികള്‍ താഴെ പറയുന്നവയാണ്…
1) മഴ നനഞ്ഞ് വീട്ടിലെത്തുകയാണെങ്കില് (കുട്ടികളായാലും മുതിര്‍ന്നവരായാലും) ഇളം ചൂടുവെള്ളം (നാടന്‍ രീതിയില്‍ തുളസിയില ഇട്ട കരിപ്പെട്ടി കാപ്പിയോ, മറ്റു പാനീയങ്ങളോ) ഇടവിട്ട് കുടിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ നെഞ്ചിനെ തണുപ്പ് മാറ്റി ചൂടാക്കാന്‍ അത് സഹായിക്കും. ശ്വാസകോശങ്ങളെയും ശ്വാശനാളികളെയും ഇതു ശക്തിപ്പെടുത്തും.
2) ആവി പിടിക്കുക (ആവി പിടിക്കാനുള്ള മെഡിക്കേറ്റഡ് ലായനികളോ നാട്ടില്‍ സുലഭമായ തുളസിയിലയോ ഇതൊന്നുമില്ലാതെ ആവി മാത്രമായോ ഉപയോഗിക്കാം). ഇത് ശ്വാസനാളികള്‍ തുറന്ന് ശ്വസനക്രിയ സുഗമമാക്കാന്‍ സഹായിക്കും. ആവി പിടിക്കാനായി വലിയ പാത്രമോ തലവഴി മൂടുകയോ വേണ്ട. സാധാരണ ഫ്ളാസ്കിനകത്ത് തിളച്ച വെള്ളമെടുത്ത് പുറത്തേക്ക് വരുന്ന ആവി ഒരു മിനിറ്റ് കൊണ്ടാല്‍ മതിയാകും.
രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മുകളില്‍ പറഞ്ഞതുപോലെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുക.
താഴെ പറയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഡെങ്കിയെയും കോവിഡിനെയും മറ്റ് ജലദോഷപ്പനികളെയും തടയാന്‍ സഹായിക്കും
1. ആഴ്ചയില്‍ ഒരിക്കല്‍ കെട്ടിക്കിടക്കുന്ന വെള്ളം ചോര്‍ത്തിക്കളയണം.
2. ആള്‍ക്കൂട്ടം ഒഴിവാക്കുക.
3. കഴിവതും ആവശ്യമുള്ള യാത്രകള്‍ മാത്രം ചെയ്യുക.
4. നന്നായി വേവിച്ചതും ചൂടുള്ളതുമായ സമീകൃതാഹാരം കഴിക്കുക.
5. പഴങ്ങളും ഇലക്കറികളും ആഹാരത്തില്‍ നിര്ബന്ധമായും് ഉള്‍പ്പെടുത്തുക.
6. കൈകള്‍ ഇടവിട്ട് സോപ്പിട്ടു കഴുകുക.
7. ആറടി അകലം പാലിച്ച് സമൂഹത്തില്‍ ഇടപെടുക.
8. നിര്‍ബന്ധമായും മാസ്ക് ധരിക്കുക.