Site icon Ente Koratty

പിഞ്ചുകുഞ്ഞിനോടുള്ള ക്രൂരത വേദനാജനകം; വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി‌

തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്നും മന്ത്രി

തിരുവനന്തപുരം: അച്ഛന്‍റെ ക്രൂരമർദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കുട്ടിയുടെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതനുസരിച്ചുള്ള ഇടപെടലുകള്‍ ആരോഗ്യ വകുപ്പ് നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോടുള്ള അച്ഛന്റെ ക്രൂരത വേദനാജനകമാണെന്നും മന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് നേരെ പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നത്. അതിനാല്‍ തന്നെ അയല്‍ക്കാരും ബന്ധുക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അച്ഛൻ വലിച്ചെറിഞ്ഞത് മൂലം തലയ്ക്ക് പരിക്കേറ്റ പിഞ്ചുകുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷൈജു തോമസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Exit mobile version