Site icon Ente Koratty

കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; തിരുവനന്തപുരത്ത് അതീവജാഗ്രത

ഉറവിടം അറിയാത്ത കോവി‍ഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് അതീവജാഗ്രത.സ്ഥിതി ഗുരുതരമാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. തിരുവനന്തപുരത്തെ ഡല്‍ഹി പോലെയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ രോഗം ബാധിച്ച ഏഴ് പേര്‍ക്ക് എവിടെ നിന്ന് രോഗം വന്നുവെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നത്.പലരുടെയും സമ്പര്‍ക്ക പട്ടിക പൂര്‍ണ്ണമായും കണ്ടെത്താനും കഴിഞ്ഞിട്ടില്ല.ഇതേതുടര്‍ന്നാണ് തലസ്ഥാനത്ത് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് നിയന്ത്രങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങളും ചന്തകളും അടപ്പിക്കും. തീരദേശ മേഖലയിലും ശക്തമായ പരിശോധ‍ന നടത്തും.സമരങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും.

അതേസമയം മണക്കാട് രോഗം സ്ഥിരീകരിച്ച് ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. മെയ് മാസം 30 മുതൽ ജൂണ്‍ 19 വരെയുള്ള റൂട്ട് മാപ്പാണ് പുറത്ത് വന്നത്. ഇരുപതോളം സ്ഥലങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. രോഗലക്ഷണം കാണിച്ച 12 തീയതിക്ക് ശേഷം 13 സ്ഥലങ്ങളില്‍ ഇദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഓട്ടോയില്‍ യാത്ര ചെയ്തവരെ അടക്കം കണ്ടെത്താന്‍ വലിയ പ്രയാസമാണെന്നാണ് ആരോഗ്യവകുപ്പ് കണക്ക് കൂട്ടുന്നത്. ഇതെല്ലാം പരിഗണിച്ചാണ് തലസ്ഥാനത്ത് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

Exit mobile version