സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മൂന്ന്മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രോഗം ബാധിച്ചവരില്‍ 47 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്ന് വന്ന എട്ട് പേര്‍ക്കും ഡല്‍ഹിയില്‍ നിന്ന് വന്ന മൂന്ന് പേര്‍ക്കും ഗുജറാത്തില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും രാജസ്ഥാനില്‍ നിന്ന് വന്ന ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 39 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്. പാലക്കാട് ജില്ലക്കാരായ 13 പേരും മലപ്പുറം ജില്ലക്കാരയ എട്ട് പേരും കണ്ണൂര്‍ ജില്ലക്കാരായ ഏഴു പേരും കോഴിക്കോട് ജില്ലക്കാരായ അഞ്ച് പേരും, തൃശൂര്‍, വയനാട് ജില്ലക്കാരായ രണ്ട് പേര് വീതവും തിരുവനന്തപുരം പത്തനംതിട്ട ജില്ലക്കാരായ ഓരോരുത്തരും ഇന്ന് രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര് പത്തനംതിട്ട സ്വദേശികളാണ്, കാസര്‍ഗോഡ് – 12, കൊല്ലം- 11, കോഴിക്കോട് -10, ആലപ്പുഴ- 8, മലപ്പുറം- 8, പാലക്കാട് -7, കണ്ണൂര്‍- 6, കോട്ടയം- 5, തിരുവനന്തപുരം- 5, തൃശൂര്‍ -4, എറണാകുളം- 2, വയനാട് -2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.
ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യര്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. ഇവര്‍ക്ക് മൂന്നുപേര്‍ക്കും കൊവിഡ് ബാധയുണ്ടായിരുന്നു എന്ന് പരിശോധനാ ഫലത്തില്‍ ഉറപ്പിച്ചു. ഷബ്നാസ് രക്താര്‍ബുദ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശി സേവ്യറിനെ മരണശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. രണ്ട് തവണ പരിശോധിച്ച് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തുള്ള ആകെ മരണം 14 ആയി.
ഇന്ന് 3787 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1588 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 884 പേര് ഇപ്പോള്‍ ചികിത്സയിലാണ്. ഒരുലക്ഷത്തി എഴുപതിനായിരത്തി അറുപത്തിയഞ്ച് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിയെട്ടായിരത്തി അഞ്ഞുറ്റി എഴുപത്തിയെട്ട് പേര് വീടുകളിലും 1487 പേര് ആശുപത്രികളിലുമാണ്. ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 76,383 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 72139 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18146 സാമ്പിളുകള്‍ ശേഖരിച്ചു. 15,264 നെഗറ്റീവാണ്. ആകെ സംസ്ഥാനത്ത് 99,962 സാമ്പിളുകള്‍ പരിശോധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.