കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിക്കൊരുങ്ങി കേരളം. രോഗമുക്തരിൽ നിന്ന് പ്ലാസ്മ ശേഖരിക്കാനുള്ള പരിശോധനാ നടപടികൾ ആരംഭിക്കും. അതീവ ഗുരുതരാവസ്ഥയിള്ള കോവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ പ്ലാസ്മ തെറാപ്പി നടത്താനുള്ള പ്രാംരംഭ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.
കോവിഡ് രോഗമുക്തരിൽ പ്ലാസ്മ ദാനത്തിന് തയ്യാറാകുന്നവരെ പരിശോധിക്കുകയാണ് ആദ്യഘട്ടം. കോവിഡ് പൂർണമായും ഭേദമായി, രക്തത്തിലൂടെ പകരുന്ന മറ്റ് രോഗങ്ങളില്ലാത്ത, ആരോഗ്യവാൻമാരെയാണ് ഇതിനായി തെരഞ്ഞെടുക്കുക. ശേഷം പ്ലാസ്മ വേർതിരിച്ച് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് മാത്രമാകും പ്ലാസ്മ തെറാപ്പി നടത്തുകയുള്ളു.
ചികിത്സയ്ക്ക് മുമ്പായി സംസ്ഥാന മെഡിക്കൽ ബോർഡിന്റെയും അതത് ആശുപത്രികളിലെ എത്തിക്സ് കമ്മിറ്റിയുടെയും അനുമതി വേണം. രോഗിയെയോ ബന്ധുക്കളുടെയോ സമ്മതവും ആവശ്യമാണ്. ആരോഗ്യ വകുപ്പിന്റെ ഈ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളേജുകളിലാണ് പ്ലാസ്മ തെറാപ്പി നടത്തുക.
മൂന്നാംഘട്ട വ്യാപനത്തിൽ കേരളത്തിൽ മരണം കൂടുതലാണ്. വിദേശരാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവരിൽ ഗുരുതര രോഗങ്ങൾ ഉള്ളവരും പ്രായമായവരും ഉൾപ്പെടുന്നുണ്ട്.
ഇവർക്ക് കോവിഡ് ബാധിച്ചാൽ മരണത്തിലേക്ക് പോകാൻ സാധ്യത കൂടുതലാണ്. പ്ലാസ്മ ചികിത്സ തുടങ്ങുന്നതോടെ കൂടുതൽ കോവിഡ് മരണങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.