ആലപ്പുഴയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ പണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 9 ആയി.
മെയ് 27ന് അബുദാബിയിൽ നിന്നുമാണ് ജോസ് ജോയി നാട്ടിലെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ഗുരുതര കരൾ രോഗവുമുണ്ടായിരുന്നു. രക്തം ഛർദ്ദിച്ചതിനെ തുടർന്നാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. രണ്ട് തവണ ഹൃദയാഘാതവുമുണ്ടായി. തലച്ചോറിന്റെ പ്രവർത്തനം കൂടി നിലച്ചതോടെ വെള്ളിയാഴ്ച ഉച്ചക്ക് 2:15ഓടെ മരിച്ചു. വൈകുന്നേരമാണ് സ്രവ പരിശോധനാ ഫലം വന്നത്. രാത്രിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
മരണ കാരണം കരൾ രോഗവും കോവിഡും. എട്ട് മാസം മുമ്പാണ് ജോസ് ഗൾഫിലേക്ക് പോയത്. വിവാഹം കഴിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുത്തൻ തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ മൃതദേഹം സംസ്കരിക്കും.
ഇന്നലെ 62 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്നലെ 62 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 10 പേരുടെ പരിശോനാഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 23 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണാടക, ഡൽഹി, പഞ്ചാബ് 1 വീതം.
പോസിറ്റീവ് ആയ ആളുകൾ പാലക്കാട് 14, കണ്ണൂർ 7, തൃശൂർ 6, പത്തനംതിട്ട 6, മലപ്പുറം 5, തിരുവനന്തപുരം 5, കാസർകോട് 4, എറണാകുളം 4, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം. 10പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി- വയനാട് 5, കോഴിക്കോട് 2, കണ്ണൂർ, മലപ്പുറം, കാസർകോട് 1 വീതം. ആകെ 101 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. പുതുതായി 22 എണ്ണം.