Site icon Ente Koratty

ജിന്‍സിക്ക് ഇത് ഇരട്ടി മധുരം: കോവിഡ് ഭേദമായ ഉടനെ പെൺകുഞ്ഞ് ജനിച്ചു

കോവിഡ് 19 ഭേദമായതിന്‍റെ ആശ്വാസത്തിന് ഇരട്ടി മധുരവുമായി ആലപ്പുഴ ആര്യാട് സ്വദേശിനി ജിന്‍സി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. 2.7 കിലോഗ്രാമാണ് കുട്ടിയുടെ ഭാരം. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് സിസേറിയന്‍ നടത്തിയത്.

കുവൈത്തില്‍ സ്റ്റാഫ് നഴ്‌സായ ജിന്‍സി ഐ.എക്സ് – 394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മെയ് 13 ന് രാത്രി 10.15 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഇവര്‍ക്ക് അന്ന് തന്നെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മെയ് 20, 21 തീയതികളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് സ്‌റ്റെപ്ഡൗണ്‍ ഐ.സി.യുവില്‍ കഴിയുകയായിരുന്നു.

ഭാര്യയുടെ രോഗം ഭേദമായതിലും പൂര്‍ണ ആരോഗ്യവതിയായ കുഞ്ഞിനെ ലഭിച്ചതിലും സന്തോഷമുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും ജിന്‍സിയുടെ ഭര്‍ത്താവ് ആലപ്പുഴയില്‍ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറായ ലിജോ ജോസഫ് പ്രതികരിച്ചു. 8 വയസ്സുകാരന്‍ ലിയോ ആണ് മൂത്ത മകന്‍.

Exit mobile version