Site icon Ente Koratty

കോവിഡ് പരിശോധന: ശ്രീചിത്ര വികസിപ്പിച്ച ആര്‍ടി ലാംബിന്‍റെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തല്‍

കോവിഡ് പരിശോധനക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വികസിപ്പിച്ച ആര്‍ടി ലാംബിന്‍റെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തല്‍. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ലാംബ് പരിശോധിച്ചത്. പോസിറ്റീവ് കേസും നെഗറ്റീവ് കേസും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും പരിശോധനയുടെ കൃത്യത 45.6 ശതമാനം മാത്രമാണെന്നുമാണ് കണ്ടെത്തല്‍. ഉപകരണം മെച്ചപ്പെടുത്തി വീണ്ടും പരിശോധനക്ക് അയക്കുമെന്നാണ് ശ്രീചിത്രയുടെ വിശദീകരണം. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കോവിഡ് പരിശോധനാ രംഗത്ത് വലിയ പ്രതീക്ഷ നല്‍കിയതായിരുന്നു ശ്രീചിത്രയിലെ ആര്‍ടി ലാംബിന്‍റെ കണ്ടെത്തല്‍. ചിലവ് കുറഞ്ഞ സമയത്തിനുള്ളില്‍ ഫലം ലഭിക്കുന്ന ഉപകരണം എന്നതായിരുന്നു ഗുണം. ആര്‍ടി ലാംബിന്‍റെ പരിശോധന ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടന്നത്.

പോസിറ്റീവായ 200 സാമ്പിളും നെഗറ്റീവായ 200 സാമ്പിളും പരിശോധിച്ച് 95 ശതമാനം വിജയം നേടിയാലാണ് അംഗീകാരം ലഭിക്കുന്നത്. എന്നാല്‍ 100 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ തന്നെ പരിശോധന മതിയാക്കിയെന്നാണ് എന്‍ഐവിയുടെ റിപ്പോര്‍ട്ട്. പൊലീസ് കേസുകളും നെഗറ്റീവ് കേസുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പോരായ്മയായി പറയുന്നത്. വൈറസിനെ തിരിച്ചറിയാനുള്ള കഴിവ് 55.6 ശതമാനവും കൃത്യത 45.6 ശതമാനും മാത്രമേയുള്ളൂ. അതിനാല്‍ തന്നെ ഈ ഉപകരണം മുഖേന പരിശോധിക്കുന്നതിലൂടെ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാവില്ലെന്നും പറഞ്ഞാണ് എന്‍ഐവി റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

ആര്‍ ടി ലാംബിനെ എന്‍ഐവി പൂര്‍ണമായി തള്ളിയിട്ടില്ലെന്നാണ് ശ്രീചിത്രയുടെ വാദം. ഉപകരണം മെച്ചപ്പെടുത്താനുള്ള ചില നിര്‍ദേശങ്ങള്‍ വെച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കി വീണ്ടും പരിശോധനക്ക് അയക്കുമെന്നും ശ്രീചിത്ര അധികൃതര്‍ അറിയിച്ചു.

Exit mobile version