സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ രോഗ വിമുക്തി നേടി. പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1, കാസർകോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം. തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.
ഇന്ന് പോസിറ്റീവായതില്‍ 12 പേര് വിദേശത്തുനിന്ന് വന്നതാണ്. 11 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നതാണ്. മഹാരാഷ്ട്ര-8,തമിഴ്നാട്-3. കണ്ണൂരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര് നിലവില്‍ ചികിത്സയിലാണ്.
നേരത്തെ പറഞ്ഞതു പോലെ നാം കൂടുതൽ ജാഗ്രത കാണിക്കേണ്ട സമയമാണിണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗികളുടെ വർധന മനസ്സിലാക്കി കൊണ്ടാണ് രോഗനിർവ്യാപന പദ്ധതി തയാറാക്കിയിട്ടുള്ളത്. വൈറസ് നമ്മുടെ നാട്ടിലേക്ക് വന്നത് ആരുടെയെങ്കിലും കുറ്റമല്ല. ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽ പെട്ടതു കൊണ്ടാണ് പുറത്തുനിന്നു വന്നവരിലാണ് രോഗം കൂടുതൽ എന്നു പറഞ്ഞത്. രോഗം എങ്ങനെയാണ് വരുന്നതെന്ന തിരിച്ചറിവുണ്ടാകണം.
പ്രവാസികള്‍ നമ്മുടെ സഹോദരങ്ങളാണ്, അവര്‍ അവരുടെ മണ്ണിലേക്കാണു വരുന്നത്. അവരെ സംരക്ഷിക്കണം. എന്നാൽ അതോടൊപ്പം നാട്ടിലുള്ളവരെയും സംരക്ഷിക്ഷണം. സംസ്ഥാന അതിർത്തികളിൽ റെഡ്സോണിൽ ഉള്ളവർ വന്നാൽ അവർ മറ്റുള്ളവരുമായി ഇടപഴകുന്നത് ഇന്നത്തെ നിലയിൽ അപകടമാണ്. കേരളത്തിൽ എത്തുന്നവരെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർത്ഥമില്ല. അങ്ങനെ വരുന്നവരെക്കുറിച്ച് ചിലർ തെറ്റായ വ്യഖ്യാനം നൽകുന്നുണ്ട്. പ്രവാസികൾ അകറ്റി നിർത്തേണ്ടവരല്ല.