വയനാട്ടില്‍ രണ്ട് പേര്‍ക്ക് രോഗമുക്തി. പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവര്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തി. ആദിവാസി മേഖലകളില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലായി.
കോയമ്പേട് നിന്നെത്തി രോഗബാധിതനായ ലോറി ഡ്രൈവറുടെ 85കാരിയായ അമ്മയും ക്ലീനറുടെ 20കാരനായ മകനുമാണ് വയനാട്ടില്‍ രോഗമുക്തരായത്. യുവാവ് ആശുപത്രി വിട്ടെങ്കിലും വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ വയോധികയെ ആശുപത്രി വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ രോഗികളിലൊരാള്‍ക്ക് രോഗമുക്തി ലഭിച്ചത് വലിയ നേട്ടമായാണ് ആരോഗ്യ വകുപ്പ് കണക്കാക്കുന്നത്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നതും ജില്ലക്ക് ആശ്വാസമായി. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയതായി കണ്ടെത്തി. ചീരാൽ സ്വദേശിയായ 29കാരൻ ക്വാറന്റയ്ൻ ലംഘിച്ച് 20 പേരുമായാണ് സമ്പര്‍ക്കം പുലര്‍ത്തിയത്. ഇയാൾക്കെതിരെ നൂൽപ്പുഴ പോലീസ് കേസെടുത്തിരുന്നു. ഇയാളുടെ രണ്ടാം സമ്പർക്ക പട്ടികയിലുള്ള 82 പേരുള്‍പ്പെടെ 102 പേര്‍ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചീരാൽ സ്വദേശിനിയായ ഗർഭിണിയെ ബന്ധുക്കൾ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇവരുടെ ഒന്നാം സമ്പർക്ക പട്ടികയിൽ രണ്ട് പേരും രണ്ടാം സമ്പർക്ക പട്ടികയിൽ 15 പേരും നിരീക്ഷണത്തിലാണ്. ഗർഭിണിയുടെയും ഭർത്താവിന്‍റെയും റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ജില്ലയില്‍ കൂടുതൽ ആദിവാസികൾ നിരീക്ഷണത്തിലായതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. തിരുനെല്ലിയിലെ 3 കോളനികളിലായി 340 ആദിവാസികളാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ ഹൈ റിസ്ക് കാറ്റഗറിയിലുള്ള 39 പേരെ റിവേഴ്സ് ക്വാറന്റയിനിലേക്ക് മാറ്റി. ഗർഭിണികൾ, പ്രായം കൂടിയവർ, അരിവാൾ രോഗികൾ തുടങ്ങിയവരാണ് റിവേഴ്സ് ക്വാറന്റീനിൽ കഴിയുന്നത്.
കോവിഡ് കെയർ സെൻററുകളിൽ 28 ആദിവാസികളുണ്ട്. 45 ആദിവാസികളുടെ സാമ്പിള്‍ പരിശോധനക്കയച്ചു. പനവല്ലിയിൽ രോഗം സ്ഥിരീകരിച്ച പലചരക്ക് കടക്കാരനുമായാണ് കൂടുതൽ ആദിവാസികൾക്ക് സമ്പർക്കമുള്ളത്. ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 78 പേരുണ്ട്. ആദിവാസികളല്ലാത്ത 260 പേര്‍ ഇയാളുടെ രണ്ടാം സമ്പര്‍ക്ക പട്ടികയിലുമുണ്ട്. രോഗം സ്ഥിരീകരിക്കപ്പെട്ട പൊലീസുകാരുടെ സമ്പര്‍ക്ക പട്ടികയും വലുതാണ്. ഇതു വരെ പുറത്തുവിട്ട റൂട്ട് മാപ്പുകള്‍ പരിശോധിച്ചാല്‍ പൊലീസുകാര്‍ കൂടുതല്‍ പേരുമായി ഇടപഴകിയതായി കാണാം. അതുകൊണ്ടുതന്നെ ജില്ലയില്‍ നിന്ന് കൂടുതല്‍ പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയേക്കും.