Site icon Ente Koratty

കോവിഡ് മൂന്നാം ഘട്ടം അപകടകരം: മരണം ഒഴിവാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം

ആദ്യ രണ്ടു ഘട്ടങ്ങളേക്കാൾ കൂടുതൽ അപകടകരമായിരിക്കും കോവിഡ് മൂന്നാം ഘട്ടമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. മരണം ഒഴിവാക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

​ക്വാറന്‍റീൻ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇന്ന് നൽകുന്ന ശ്രദ്ധ നൽകാനാവില്ല. കേരളം ഒറ്റക്കെട്ടായി പോരാടണം. കൂട്ടത്തോടെ മരിച്ചോട്ടെ എന്ന് കരുതാൻ സർക്കാരിന് ആവില്ലെന്നും ശൈലജ ടീച്ചർ പറയുന്നു.

പതിനേഴിന് ശേഷം കാര്യമായ ഇളവുകൾ പ്രതിക്ഷിക്കേണ്ട. പൊതുഗതാഗതം സാഹചര്യങ്ങളുടെ ഗൗരവം നോക്കിയ ശേഷം തീരുമാനിക്കും. അന്തർ സംസ്ഥാന ഗതാഗതം കേന്ദ്ര സർക്കാരിന്‍റെ മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളും, ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്‍റെ മക്കളാണ്. അവർ കേരളത്തിലേയ്ക്ക് വരണം. രണ്ടും കൽപിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സർക്കാർ  എടുക്കില്ല. പ്രതിരോധ വാക്സിനുള്ള പരീക്ഷണം കേരളവും ആരംഭിച്ചു. ഐ സി എം ആറുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version