Site icon Ente Koratty

26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. 14 പേരാണ് കേരളത്തിന് പുറത്ത് നിന്നും വന്നത്. ഇതില്‍ 7 പേര്‍ വിദേശത്ത് (യു.എ.ഇ.-5, സൗദി അറേബ്യ-1, കുവൈറ്റ്-1) നിന്നും വന്നതാണ്. 4 പേര്‍ മുംബൈയില്‍ നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാഗ്ലൂരില്‍ നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ള 7 പേര്‍ക്കും വയനാട് ജില്ലയിലുള്ള 3 പേര്‍ക്കും പാലക്കാട് ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കി ജില്ലയില്‍ രോഗം ബാധിച്ചയാള്‍ ബേക്കറി ഉടമസ്ഥനാണ്. സെന്റിനല്‍ സര്‍വൈലന്‍സിലൂടെയാണ് ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വയനാട് ജില്ലയില്‍ രോഗം ബാധിച്ച ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്.

കേരളത്തില്‍ ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 64 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 493 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,910 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 36,362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 40,692 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 39,619 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. അതേസമയം 19 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 15 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 124 മലയാളികളാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. അരോഗ്യ-സാമൂഹ്യപ്രവര്‍ത്തന മേഖലയിലുള്ളവരും രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. ഇവരുടെയെല്ലാവരുടെയും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഓരോ രാജ്യങ്ങളും നിര്‍ദേശിക്കുന്ന പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ പ്രവാസി മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങൾ നടത്തേണ്ടത്. റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരും.

പ്രതിരോധ പ്രവർത്തനങ്ങളിൽ അതാതു രാജ്യങ്ങളുടെ മുൻകരുതൽ നടപടികൾ അനുസരിക്കാൻ പ്രവാസികൾ തയാറാകണം. നിങ്ങളോടെപ്പം നിങ്ങളുടെ നാട് എപ്പോഴും ഉണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തികളിലും ചെക്പോസ്റ്റുകളിലും എത്തുന്നവർക്കു ദിനചര്യകൾ നടത്താൻ 125 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിർത്തികളിൽ പണം വാങ്ങി ആളെ കടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത്തരം പ്രവണതകൾ സൃഷിടക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറിൽ കണ്ടത്. ചെന്നൈയിൽനിന്ന് മിനിബസിൽ വാളയാറിൽ എത്തിയ മലപ്പുറംകാരൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നിരവധി പേർ നിരീക്ഷണത്തിലുമാണ്. കൃത്യമായ സംവിധനങ്ങളിലൂടെ അല്ലാതെ കടന്നു വന്നാൽ ഒരു സമൂഹമാകെ പ്രതിസന്ധിയിലാകും. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മറ്റു തരത്തിൽ ചിത്രീകരിക്കേണ്ടതില്ല. ഇതു കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി കടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.

Exit mobile version