കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ല കോവിഡ് മുക്തം. ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ രോഗിയും രോഗമുക്തി നേടി. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഇദ്ദേഹം ഇന്ന് വീട്ടിലേക്ക് മടങ്ങും. 178 പേര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഫെബ്രുവരി 3നാണ് ജില്ലയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം മാർച്ചിൽ കേരളത്തിൽ കോവിഡ് രണ്ടാം ഘട്ട വ്യാപന സമയത്ത് കാസർകോട് രണ്ടാമതും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. മാർച്ച് 16നായിരുന്നു രണ്ടാം ഘട്ടത്തിൽ കാസർകോട് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. വളരെ പെട്ടന്ന് ജില്ല കോവിഡ് ഹോട്ട് സ്പോട്ടായി മാറി. ഒരു ദിവസം 34 പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വരെയുണ്ടായി.
കാസർകോട് അതികർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന സാഹചര്യംവരെയുണ്ടായി. നിലവിൽ 989 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 93 പേർ ആശുപത്രി നിരീക്ഷണത്തിലാണ്.