Site icon Ente Koratty

അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ വരഗംപാടി സ്വദേശി കാർത്തിക് ആണ് മരിച്ചത്. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. എന്നാൽ നിരീക്ഷണത്തിലായ യുവാവ് ചികിത്സയ്ക്ക് വന്നിട്ടും കോവിഡ് ടെസ്റ്റ് നടത്താതെ വീഴ്ച വരുത്തിയതായി ആരോപണമുണ്ട്. കാർത്തികിനെ ചികിത്സിച്ച ഡോക്ടർമാർ ഉൾപ്പെടെ 35 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി.

ഏപ്രിൽ 29ന് കോയമ്പത്തൂരിൽ കുടുംബാംഗങ്ങളോടൊപ്പം മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് വന്ന കാർത്തിക് ഷോളയൂരിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മെയ് 6ന് എലിപ്പനി ലക്ഷണങ്ങളോടെ കോട്ടത്തറ ആശുപത്രിയിൽ അമ്മയോടൊപ്പം ചികിത്സ തേടിയെത്തി. മെയ് 7ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് മാറ്റി. പനിയും ചുമയും കൂടിയത്തോടെ ഇന്ന് പുലർച്ചെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് മരണം.

എന്നാൽ നിരീക്ഷണത്തിലായിരുന്നിട്ടും കാർത്തികിനെ കോവിഡ് ടെസ്റ്റിന് വിധേയനാക്കിയിരുന്നില്ല. കോയമ്പത്തൂരിൽ നിന്ന് വന്നിട്ടും കോവിഡ് കെയർ സെന്ററിലേക്ക് മാറ്റാത്തതും വീഴ്ചയാണ്. സംഭവത്തിൽ റിപ്പോർട്ട് തേടിയതായി പാലക്കാട് ഡി.എം.ഒ അറിയിച്ചു. മരണ ശേഷം മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ച് സ്രവം പരിശോധനക്ക് എടുത്തിട്ടുണ്ട്. പരിശോധനാ ഫലം പോസിറ്റീവായാൽ കൂടുതൽ പേരെ നിരീക്ഷണത്തിലേക്ക് മാറ്റേണ്ടി വരും.

Exit mobile version