Site icon Ente Koratty

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്; 8 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. സംസ്ഥാനത്ത് നിലവില്‍ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96 പേര്‍ ചികിത്സയിലും 21894 പേര്‍ നിരീക്ഷണത്തിലുമാണ്. 21494 പേര്‍ വീട്ടു നിരീക്ഷണത്തിലാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 80 ഹോട്ട് സ്പോട്ടുകള്‍ ആണ് നിലവിലുള്ളത്.

31173 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 30358 പേരുടെ ഫലം നെഗറ്റീവാണ്. 2093 മുന്‍ഗണന സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1233പേരുടെ ഫലം നെഗറ്റീവായി.

സംസ്ഥാനത്ത് നിലവില്‍ 80 ഹോട്ട്‌സ്പോട്ടുകളാണുള്ളത്. ഇന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. കണ്ണൂരില്‍ 23 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള ജില്ല കണ്ണൂരാണ്, 38പേര്‍. കാസര്‍കോട് 22പേര്‍ കോട്ടയത്ത് 18, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ 12പേര്‍ വീതവും ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്-19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ഗ്രീന്‍ സോണില്‍നിന്ന് ഓറഞ്ച് സോണിലേക്ക് മാറും. ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 38പേരാണ് കണ്ണൂരില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോടു സ്വദേശികളാണ്.

രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടിയിരിക്കുന്നു. കൂടുതൽ ഇളവുകളും പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ മുന്നോട്ടുവച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നു കൊണ്ടാണ് നമ്മുടെ സംസ്ഥാനത്തെ സവിശേഷതകൾ കൂടി ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉടൻ വരും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രോഗചികിൽസയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം നൽകിയുള്ള സമീപനമാണ് ആദ്യ ഘട്ടത്തിൽ സ്വീകരിച്ചത്. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിനു കടുത്ത നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനു നല്ല ഫലം കണ്ടിട്ടുണ്ട്. എന്നാൽ അപകടനില തരണം ചെയ്തു എന്നു പറയാനാകില്ല. സാമൂഹ്യ വ്യാപനം എന്ന ഭീഷണി ഒഴിവായി എന്നും പറയാൻ സാധിക്കില്ല. നല്ല ജാഗ്രത വേണം. പ്രതിരോധ പ്രവർത്തനത്തിൽ നമ്മുടെ സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നു. സ്വാഭാവികമായ ജനജീവിതം എത്രത്തോളം അനുവദിക്കാം എന്നാണ് സർക്കാർ പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് വലിയ പ്രവാസി സമൂഹമാണുള്ളത്. അവരുടെ നാടുകൂടിയാണ് ഇത് എന്ന് കണക്കിലെടുത്ത് അവരെ കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപെടുത്തേണ്ടതുണ്ട്. അപ്പോൾ രോഗവ്യാപനം ഇല്ലാതിരിക്കാൻ ജാഗ്രതയും പുലർത്തണം.

Exit mobile version