സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം 6, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. അതിനിടെ പത്ത് പേരുടെ ഫലം നെഗറ്റീവായി. ഇന്ന് മാത്രം 81 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് രോഗം ബാധിച്ച ഒരാൾ ആന്ധ്രയിൽ നിന്നും തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽനിന്നും വന്നതാണ്. കാസർകോട് രണ്ടുപേർക്കു സമ്പർക്കം മൂലമാണ് രോഗമുണ്ടായത്. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം നെഗറ്റീവായത്. തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിൽ ആരും കോവിഡ് ബാധിച്ചു ചികിത്സയിലില്ല. കഴിഞ്ഞദിവസം പുനഃപരിശോധനയക്ക് അയച്ച ഇടുക്കിയില്‍നിന്നുള്ള മൂന്നുപേരുടെ ഉള്‍പ്പെടെയുള്ള 25 സാമ്പിളുടെ റിസള്‍ട്ട് വന്നിട്ടില്ല.
102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറും കാസർഗോട്ടെ അജാനൂറുമാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്. ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും.
സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്.
മാധ്യമ പ്രവര്ത്തകന് കോവിഡ്
സംസ്ഥാനത്ത് ആദ്യമായി മാധ്യമപ്രവര്ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോടുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
‘നേരത്തെ മുതല്‍ ആവര്‍ത്തിച്ച് പറയുന്നതാണ് മാധ്യമപ്രവര്‍ത്തകര്‍ നല്ല ജാഗ്രത പാലിക്കണം എന്നത്. അതില്‍ ഒന്നുകൂടി പറയാനുള്ളത്,വാര്‍ത്താ ശേഖരണം ഇന്നത്തെ സാഹചര്യത്തില്‍ അപകടരഹിതമായി നിര്‍വഹിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ്’-മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സാലറി കട്ടിന് ഓര്‍ഡിനന്‍സ്
സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധിയാണുള്ളത്. വരുമാനം ഗണ്യമായി ഇടിഞ്ഞു. പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗങ്ങളിലൊന്ന് എന്ന നിലയിൽ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അടുത്ത അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരാ എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
എം.എൽ.എമാർക്ക് പ്രതിമാസം ലഭിക്കുന്ന തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തും. കോവിഡിന്റെ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വാർഡ് വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായി ഒരു വാർഡ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ അതിന് വാർഡ് വിഭജനം നടത്തണം. പക്ഷേ കോവിഡിന്റെ സാഹചര്യത്തിൽ അതു നടക്കില്ല. അതിനാൽ നിലവിലുള്ള വാർഡുകൾ വച്ച് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് സർക്കാരിന്റെ നിലപാട്.
റോഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നു
ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് പലയിടത്തു മാലിന്യം വലിച്ചെറിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ പിടിക്കാനാവുന്നില്ല. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നത് വലിയ ആപത്തിന് കാരണമാകുമെന്ന് പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനതത്ത് വേനല്‍ മഴ പെയ്യുന്ന്ത കൂടി നാം ഘട്ടത്തില്‍ കണക്കിലെടുക്കണം. പൊതുവായ ജാഗ്രതയോടൊപ്പം തന്നെ തെറ്റായ നടപടികള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാകണം. മാലിന്യ സംസ്കരണ കാര്യത്തില്‍ കൃത്യമായ സംവിധാനം ഒരുക്കാന്‍ പ്രാദേശികഘടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ ജാഗ്രത ഇക്കാര്യത്തില്‍ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പലതരം പനികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. അവയുടെ വ്യാപനം ഈ ഘട്ടത്തില്‍ വന്നാല്‍ അത് വലിയ പ്രശ്നമായി മാറും. അതുകൊണ്ട് തന്നെ പരിസരശുചീകരണം മാലിന്യനിര്‍മ്മാര്‍ജ്ജനം ഒഴിച്ചകൂടാനാവാത്ത കടമയായി ഏറ്റെടുക്കണം.