Site icon Ente Koratty

പിപിഇ കിറ്റുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ നിര്‍മിക്കുവാന്‍ ആരംഭിച്ചു

പിപിഇ കിറ്റുകള്‍ റാന്നിയിലെ കെകെ എന്റര്‍പ്രൈസസ് സ്ഥാപനത്തില്‍ നിര്‍മിക്കുവാന്‍ ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍. ജില്ലയ്ക്ക് ആവശ്യമായ മുഴുവന്‍ പിപിഇ കിറ്റുകളും പൂര്‍ണമായും ഇവിടെ നിര്‍മിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇവിടെനിന്നു മറ്റു ജില്ലകളിലേക്കും പിപിഇ കിറ്റ് നിര്‍മിച്ചുനല്‍കുവാന്‍ സാധിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ് നിര്‍മിച്ചുനല്‍കാന്‍ സാധിക്കും എന്നതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. 200 രൂപയില്‍ താഴെ മാത്രമേ വിലയാകുകയുള്ളു. വിപണിയില്‍ 700 മുതല്‍ 900 രൂപ വരെയാണ് പിപിഇ കിറ്റിന്റെ വില. സാമ്പിള്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. സര്‍ക്കാര്‍ ക്ലിയറന്‍സ് ലഭിച്ചാല്‍ വലിയ രീതിയിലുള്ള നിര്‍മാണത്തിനു ജില്ല സജ്ജമാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം വ്യവസായ വകുപ്പാണു ജില്ലയില്‍ സുരക്ഷാ കിറ്റ് നിര്‍മിക്കാന്‍ മേല്‍നോട്ടം വഹിക്കുന്നത്. ശരാശരി 100 എണ്ണമാണു ദിവസേന നിര്‍മിക്കുന്നത്. നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം ജില്ലാ ഭരണകൂടം നല്‍കും. പിപിഇ കിറ്റിലെ ഗൗണ്‍, മാസ്‌ക്, ഷൂ പ്രൊട്ടക്ഷന്‍ കവര്‍ എന്നിവയാണു തയ്ച്ചുനല്‍കുന്നത്.

Exit mobile version