അവസാന രോഗിയും രോഗം ഭേദമായി ആശുപത്രി വിട്ടതോടെ കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ കൊറോണ മുക്തമായതായി ചൈന. വുഹാനിലെ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടു. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുഖം പ്രാപിച്ച 80 രോഗികള്‍ ഞായറാഴ്ച ആശുപത്രി വിട്ടെന്നുംരാജ്യമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് വുഹാന്‍ ഇത് സാധിച്ചതെന്ന് ദേശീയ ആരോഗ്യ കമ്മീഷന് വക്താവ് മി ഫെങ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വുഹാന്റെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിലാണ് വുഹാനില്‍ കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്.വുഹാന്‍ നഗരത്തില്‍ ആകെ 46,452 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ 56ശതമാനമാണിത്. 3,869 പേരാണ് മരിച്ചത്. ചൈനയിലുണ്ടായ മൊത്തം കോവിഡ് മരണങ്ങളില്‍ 84 ശതമാനം.
വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെ പ്രവശ്യ ജനുവരി അവസാനത്തോടെ പൂര്‍ണമായും അടച്ചിരുന്നു.റോഡുകള്‍ അടക്കുകയും ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുകയും ചെയ്തതോടെ രണ്ടു മാസത്തിലേറെ ജനജീവിതം സ്തംഭിച്ചു. വുഹാന്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയെങ്കിലും താമസക്കാരെ തുടര്‍ച്ചയായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്