മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി രോഗമുക്തരായി. ഇനി ഓരാൾ മാത്രമാണ് ചികിത്സയിലുള്ളത്.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരാണ് ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. വേങ്ങര കൂരിയാട് സ്വദേശി മടപ്പള്ളി അബ്ബാസ് (63), തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ചീനിക്കല്‍ ഷറഫുദ്ദീന് (39), നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി പള്ളിക്കല്‍ സനീം അഹമ്മദ് (30), വേങ്ങര കണ്ണമംഗലം സ്വദേശി കല്ലുപറമ്പന് സുലൈഖ (45), മമ്പുറം വെട്ടം ബസാര്‍ സ്വദേശി നെരിക്കൂല്‍ സാജിദ (42) എന്നിവരാണ് ആശുപത്രി വിട്ടത്.
രാവിലെ 10.30 ന് ആശുപത്രി വിട്ട അഞ്ച് പേരും ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക ആംബുലന്‍സുകളിലാണ് വീടുകളിലേക്ക് പോയത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, ലെയ്സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ഹമീദ്, ഐസൊലേഷന്‍ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ ഇവരെ യാത്രയാക്കാനെത്തിയിരുന്നു.
ജില്ലയില്‍ ഇതുവരെ രോഗബാധിതരായ 20 പേരില്‍ 18 പേരും രോഗമുക്തരായി. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരികെ നാലുമാസം പ്രായമുള്ള കുട്ടി മരിച്ചിരുന്നു.