രോഗബാധയുടെ ഉറവിടം വ്യക്തമല്ലാത്ത കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു. ഇത് സമൂഹവ്യാപനത്തിന്റെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നിലവില്‍ സമൂഹവ്യാപനമുണ്ടായെന്ന് പറയാനാവില്ലെങ്കിലും ജാഗ്രത ശക്തമാക്കിയില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ച പത്ത് പേര്‍ക്ക് വൈറസ് ബാധയുടെ ഉറവിടം വ്യക്തമല്ല. നേരത്തെ കോവിഡ് ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി, മലപ്പുറത്തെ നാല് മാസം പ്രായമുള്ള കുഞ്ഞ്, ആര്.സി.സിയിലെയും എസ്.കെ ആശുപത്രിയിലെ നഴ്സുമാര്‍, കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തക തുടങ്ങി 25 ഓളം പേര്‍ക്ക് രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് അജ്ഞാതം. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ റാന്‍ഡം ടെസ്റ്റില്‍ ഒരാള്‍ക്ക് പോസിറ്റീവാകുകയും ചെയ്തു. ഇതാണ് കേരളത്തില്‍ വൈറസിന്റെ മൂന്നാം വരവിനെക്കുറിച്ച ആശങ്കയുളവാക്കുന്നത്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
നിലവില്‍ ക്വാറന്റൈനിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരിശോധന പൂര്‍ത്തിയാക്കി കഴിയുന്നതും വേഗം രോഗബാധിതരെ കണ്ടെത്തല്‍ മാത്രമാണ് പോംവഴി. അതോടൊപ്പം സാമൂഹിക അകലം ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്നു.