വർക്കലയിൽ കോവിഡ് സ്ഥിരീകരിച്ച രോഗി നിരീക്ഷണ നിർദേശം ലംഘിച്ചു. നിരീക്ഷണത്തിൽ കഴിയവെ ഭാര്യയെയും മക്കളെയും കൊണ്ട് വിവിധ ആശുപത്രികളിൽ പോയതായി ജില്ലാ ഭരണകൂടം പുറത്തിറക്കിയ റൂട്ട് മാപ്പിൽ വ്യക്തമാണ്. ഈ മാസം 23ന് ആണ് കോവിഡ് സ്ഥിരീകരിച്ചത്.
മാർച്ച് 20ന് പുലർച്ചെ 5 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. വിദേശത്ത് നിന്ന് വരുന്നവർ നിർബന്ധമായും 28 ദിവസം നിരീക്ഷണത്തിൽ ഇരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇയാൾ മാർച്ച് 26ന് മക്കളുമായി വർക്കല താലൂക്ക് ആശുപത്രിയിൽ പോയിട്ടുണ്ടെന്നാണ് റൂട്ട് മാപ്പ് വ്യക്തമാക്കുന്നത്. മാർച്ച് 28ന് രാത്രി 108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ പോയി. അവിടെ നിന്ന് 29ന് പുലർച്ചെ 1 മണിക്ക് എസ്.എ.ടി ആശുപത്രിയിലും മെഡിക്കൽ കോളജിലും എത്തി. അന്ന് തിരിച്ച് വീട്ടിലേക്ക് സ്വന്തം കാറിൽ മടങ്ങി.
പിന്നീട് ഏപ്രിൽ 13ന് വർക്കല താലൂക്ക് ആശുപത്രിയിലക്ക് പോയി. 15നും 21നും വീണ്ടും അവിടെ കുടുംബവുമായി എത്തി പരിശോധന നടത്തി. 21ന് പരിശോധനക്ക് വിധേയനായി. തുടർന്ന് ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി സ്രവം പരിശോധിച്ചു. 23ന് രോഗം സ്ഥിരീകരിച്ചു. നാട്ടിൽ വന്ന് 34ആം ദിവസമാണ് രോഗം കണ്ടത്തിയത്. എന്നാൽ 28 ദിവസത്തെ കർശന നിരീക്ഷണം ലംഘിച്ചായിരുന്നു ഇയാളുടെ യാത്രകളെല്ലാം.