Site icon Ente Koratty

സംസ്ഥാനത്ത് ലഭിക്കുന്ന മാസ്‌കുകളും പി.പി.ഇ കിറ്റുകളും ഗുണനിലവാരമില്ലാത്തത്

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സുരക്ഷാ ഉപകരണങ്ങളില്‍ പലതും ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണവുമായി കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ ജോസഫ് ചാക്കോ. മാസ്‌കുകളും പി.പി.ഇ കിറ്റുകളും ഗുണനിലവാരം കുറഞ്ഞതാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രോഗം ബാധിച്ചിരുന്ന ഡോക്ടര്‍ ചികിത്സിച്ചിരുന്ന പ്രാഥമിക ഹെല്‍ത്ത് സെന്റര്‍ അടച്ചുപൂട്ടുകയാണെന്നും രോഗികളെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുമെന്നും ഡോ ജോസഫ് ചാക്കോ പറഞ്ഞു.

ഗുണനിലവാരമുള്ള പി.പി.ഇ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. മൂന്ന് ലെയറുകളുള്ള മാസ്‌കുകളും മറ്റും നല്‍കണമെന്ന് കൃത്യമായി പറഞ്ഞിരുന്നു. ഗുണനിലവാരമുള്ള വസ്തുക്കള്‍ കിട്ടിയില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പകരനാനുള്ള സാധ്യത കൂടുതലാണെന്നും സമൂഹവ്യാപനത്തിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ന് വന്ന റിപ്പോര്‍ട്ടനുസരിച്ച് ഇടുക്കിയില്‍ ഒരു ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏലപ്പാറ പ്രൈമറി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗ്ലൗസുകളും മാസ്‌കുകളും ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഡോക്ടര്‍ രോഗികളെ ചികിത്സിച്ചിരുന്നത്. എന്നിട്ടും ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം ബാധിക്കുന്നത് ഗുരുതരമാണ്. ഈ ഡോക്ടര്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ നിരവധി രോഗികളെ ചികിത്സിച്ചിരുന്നു. ആ ഹെല്‍ത്ത് സെന്റര്‍ അടയ്ക്കാന്‍ പോവുകയാണ്. ആ ഡോക്ടര് ചികിത്സിച്ച രോഗികളെ മൊത്തം കണ്ടുപിടിച്ച് ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്’, ജോസഫ് ചാക്കോ പറഞ്ഞു.

Exit mobile version