ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി ആറായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം 10 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്.
കൂടുതല്‍ കോവിഡ് മരണവും കേസുകളുമുള്ള അമേരിക്കയില്‍ സ്ഥിതി നാള്‍ക്കുനാള്‍ സങ്കീര്‍ണമാകുകയാണ്. അമേരിക്കയില്‍ കോവിഡ് കവര്‍ന്നത് അരലക്ഷത്തില്‍ അധികം ജീവനുകള്‍. ഇരുപത്തി ആറായിരത്തില്‍ അധികം പുതിയ കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തോട് അടുക്കുന്നു. അമേരിക്ക കഴിഞ്ഞാല്‍ കോവിഡ് ഏറ്റവും കൂടുതല്‍ മരണം വിതച്ചത് ഇറ്റലിയിലാണ്. മരണ സംഖ്യ ഇരുപത്തിയാറായിരം പിന്നിട്ടു. ഇറ്റലിയില്‍ മേയ് നാലിന് ശേഷം ലോക്ക് ഡൗണില്‍ ഇളവ് ഉണ്ടായേക്കും.
സ്‌പെയ്‌നില്‍ ഇതുവരെ ഇരുപത്തിമൂവായിരത്തില്‍ അധികം പേരാണ് മരിച്ചത്. ബ്രിട്ടണില്‍ മരണ സംഖ്യ ഇരുപതിനായിരം കടന്നു. രോഗം ഭേദമായ ബ്രിട്ടീഷ് പ്രധാമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച്ച ചുമതലകളിലേക്ക് മടങ്ങിയെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കോവിഡിന്റെ പ്രഭവ കേന്ദ്രമായ ചൈനയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വുഹാനില്‍ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടതോടെ വുഹാനെ സീറോ കോവിഡ് മേഖലയായി പ്രഖ്യാപിച്ചു.
ബ്രസീലില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ മാത്രം 983 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിതരുടെ എണ്ണം അറുപത്തി രണ്ടായിരം പിന്നിട്ടു. ആഫ്രിക്കന്‍ രാജ്യങ്ങളിലും കോവിഡ് പിടിമുറുക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗം ഭേദമായവര്‍ക്ക് പിന്നീട് രോഗം വരില്ലെന്ന വാദത്തിന് ശാസ്ത്രീയ തെളിവില്ലെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.